ഇതൊരു യാത്രയാണ്... കാസർകോടിന് കിഴക്ക് തായന്നൂരെന്ന മലയോരഗ്രാമത്തിൽനിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അസി. പ്രഫസർ പദവിയിലേക്കുള്ള യാത്ര. അരനൂറ്റാണ്ട് പിന്നിടുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ആദ്യമായി പട്ടികവിഭാഗത്തിൽനിന്നൊരാൾ ഈ പദവിയിലെത്തുമ്പാൾ സി. ഹരികുമാറിലൂടെ ചരിത്രം അടയാളപ്പെടുകയാണ്. അധികാരം അളവുകോലാക്കിയ ജന്മിത്വം നെല്ലും പറമ്പും പാട്ടമായി കണ്ട് കൈമാറിയിരുന്ന മാവിലൻ അടിമവിഭാഗത്തിൽനിന്നാണ് ഹരിയെന്ന ചെറുപ്പക്കാരെൻറ നേട്ടം. അതെ, ഇതുമൊരുതരം നവോത്ഥാനമാണ്.
തികച്ചും സാധാരണ ചുറ്റുപാടിൽനിന്നും പഠിച്ചുയർന്ന ഒരാൾ പരമോന്നത സർവകലാശാലയുടെ അധ്യാപകനാവുകയാണ്. സർക്കാർ സ്ഥാപനങ്ങളിൽ മാത്രം പഠിച്ച് പൊതുവിദ്യാഭ്യാസത്തിെൻറ സ്വരൂപവും സത്തയുമറിഞ്ഞ് നേടിയ ഹരിവിജയം ഈ വഴി സഞ്ചരിക്കുന്ന അനേകംപേർക്ക് പ്രചോദനമാണ്. തങ്ങളുടെ തലമുറക്ക് അന്യമായിരുന്ന വിദ്യാഭ്യാസവും തൊഴിലവസരങ്ങളും പുതുതലമുറക്കെങ്കിലും ലഭിക്കണമെന്ന കാര്യത്തിൽ ഹരിയുടെ രക്ഷിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതിൽ കൂലിപ്പണിക്കാരനായ ഉരുട്ടിക്കുന്നിൽ കുഞ്ഞിരാമനും അംഗൻവാടി ജീവനക്കാരി രാധയും ഒരായിരം പരിധി വിജയിച്ചെന്നതിെൻറ ആകെത്തുകയാണ് ഹരിയെന്ന യൂനിവേഴ്സിറ്റി അധ്യാപകൻ.
വഴിനടത്തിയത് 'ഇനിയെന്ത്' എന്ന ചോദ്യം
പഠനകാലത്ത് തന്നെ അധ്യാപകനാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും എങ്ങനെയെന്ന കാര്യത്തിൽ വലിയ പിടിയുണ്ടായിരുന്നില്ല. പഠനത്തിെൻറ ഓരോഘട്ടത്തിലും ഇനിയെന്ത് എന്ന കാര്യത്തിൽ കൃത്യമായ വഴിതെളിയിക്കാൻ ആരുമില്ലാത്തതിെൻറ എല്ലാ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. പനങ്ങാട് എസ്.എ.എൽ.പി സ്കൂളിലെയും തായന്നൂർ ജി.എച്ച്.എസിലെയും പഠനത്തിന് ശേഷം കാസർകോട് നവോദയ വിദ്യാലയത്തിലെത്തിയത് വലിയൊരുമാറ്റമായിരുന്നു.
ശേഷം ബി.ബി.എ ബിരുദത്തിനായി തലശ്ശേരി ബ്രണ്ണൻ കോളജിലെത്തി. ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദവും ഗവേഷണവും അടങ്ങിയ അക്കാദമിക് സാഹചര്യങ്ങളെകുറിച്ച് പരിചയപ്പെടുത്തിയത് ബ്രണ്ണനിലെ അധ്യാപകരായിരുന്നു. അങ്ങനെയാണ് തായന്നൂർ ഗ്രാമത്തിൽനിന്ന് 200 കിലോമീറ്ററുകൾക്ക് അപ്പുറമുള്ള കാലിക്കറ് യൂനിവേഴ്സിറ്റിയുടെ വലിയലോകത്ത് എത്തുന്നത്. കോമേഴ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ അവിടെതന്നെ എം.ഫില്ലിന് ചേർന്നു. യു.ജി.സി പരീക്ഷയിൽ ജെ.ആർ.എഫ് നേടിയത് വഴിത്തിരിവായി. 'ക്രൗഡ് ഫണ്ടിങ്ങ് ഇൻ ഇന്ത്യ; പ്രോബ്ലംസ് ആൻഡ് പ്രോസ്പക്ട്സ്' എന്ന വിഷയത്തിൽ കോമേഴ്സ് വകുപ്പധ്യക്ഷൻ ഡോ.ബി. ജോൺസെൻറ കീഴിലാണ് ഗവേഷണം. ഹരിയെന്ന ഗവേഷകനെയും അധ്യാപകനെയും പരുവപ്പെടുത്തുന്നതിൽ ജോൺസൺ മാഷിന് വലിയ പങ്കുണ്ട്.
നീണ്ട 11 വർഷത്തെ പഠനകാലത്ത് യൂനിവേഴ്സിറ്റി കാമ്പസെന്ന വലിയ ലോകത്തെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിൽ ഹരി പ്രാപ്തനായിരുന്നു. സ്പോർട്സിലും എഴുത്തിലും വിദ്യാർഥി രാഷ്ട്രീയത്തിലുമടക്കം എല്ലാ മേഖലകളിലും ഹരിയുടെ ഇടപെടലുണ്ടായിരുന്നു. 2019-ൽ സർവകലാശാലയിലെ പഠന വകുപ്പിലെ അധ്യാപക നിയമനത്തിനായി വിജ്ഞാപനം ക്ഷണിച്ചപ്പോൾ വലിയ പ്രതീക്ഷയില്ലാതെയാണ് അപേക്ഷിച്ചത്.
എന്നാൽ, ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത് ആത്മവിശ്വാസം വർധിപ്പിച്ചു. പിന്നാലെയെത്തിയ അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനായി. അങ്ങനെ ജൂൺ ഏഴിന് സി. ഹരികുമാർ എന്ന പേര് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിപ്പാർട്മെൻറ് ഓഫ് കോമേഴ്‌സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസിലെ അധ്യാപക രജിസ്റ്ററിൽ ചേർക്കപ്പെട്ടു. സാഹചര്യങ്ങളുടെ ലാളനയിലല്ല, മറിച്ച് കഠിനാധ്വാനത്തിെൻറ ഉപലാളനയിലാണ് വിജയത്തിെൻറ മഹത്വമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.