ഇലിനോയ്സ് (യു.എസ്.എ): ഇലിനോയ്സിലെ ഡ്യുപേജ് കൗണ്ടി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി പാറ്റി ഗസ്റ്റിനെ 8,521വോട്ടുകളുടെ വ്യത്യാസത്തിൽ തറപറ്റിച്ച സബ ഹൈദർ അലിഗഢ് യൂനിവേഴ്സിറ്റി മുൻ സ്വർണ മെഡൽ ജേത്രി.
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ജനിച്ച സബ ഹൈദർ 15 വർഷത്തിലേറെയായി ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നണി പോരാളിയാണ്. യോഗയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും വക്താവാണ് അവർ. ഓൺലൈനിലൂടെയും ക്ലാസുകളിലൂടെയും ആയിരക്കണക്കിന് ആളുകളിലേക്ക് അവർ ആരോഗ്യ സന്ദേശം എത്തിക്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോധവത്കരണ സംരംഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഷികാഗോയിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിക്കുക, സംസ്‌കൃതം, പ്രാണായാമം എന്നിവയെക്കുറിച്ച് ശിൽപശാലകൾ നടത്തുക, വിവേകാനന്ദ ഇന്റർനാഷനൽ ഈസ്റ്റ്-വെസ്റ്റ് യോഗ കോൺഫറൻസ് സംഘാടനം എന്നിവയിൽ സബ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2022ൽ ചെറിയ വോട്ടുകൾക്ക് തോൽവി നേരിട്ടിരുന്നുവെങ്കിലും തളരാതെ തന്റെ പ്രചാരണം തുടരുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു സബ ഹൈദർ. ഇത്തവണ ഡെമോക്രാറ്റിക് പാർട്ടി അവർക്ക് രണ്ടാമത്തെ അവസരം നൽകി. അത് സബ തനിക്ക് അനുകൂലമായി മാറ്റി. ഹോളി ചൈൽഡ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ഗാസിയാബാദിലെ രാം ചമേലി ഛദ്ദ വിശ്വാസ് ഗേൾസ് കോളേജിൽ നിന്ന് ബി.എസ്‌സിയിൽ ഉന്നത ബിരുദം നേടി.
തുടർന്ന് അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് വന്യജീവി പഠനത്തിൽ സ്വർണ മെഡലോടെ എം.എസ്‌സി നേടി. വിവാഹാനന്തരം 2007ൽ യു.എസിലേക്ക് താമസം മാറി. ‘ഇന്ന് മകളെ കുറിച്ച് എനിക്ക് അവിശ്വസനീയമാംവിധം അഭിമാനം തോന്നുന്നു. അവൾ വളരെ കഴിവുള്ളവളാണ്, എല്ലാവരുടെയും അനുഗ്രഹവും അവളുടെ കഠിനാധ്വാനവും കൊണ്ട് അവൾ ഈ സ്ഥാനത്ത് എത്തിയതായി പിതാവ് എൻ.ഡി.ടി.വിയോട് പറഞ്ഞു.
സബയുടെ അമ്മ മെഹ്‌സബീൻ ഹൈദർ പാവപ്പെട്ട കുട്ടികൾക്കായി സ്കൂൾ നടത്തുന്നു. സബയുടെ വിജയം അവരുടെ കുടുംബത്തിന് മാത്രമല്ല, ഇന്ത്യൻ സമൂഹത്തിനും ഏറെ അഭിമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.