2015ൽ ആദ്യ പരിശ്രമത്തിലൂടെ നേടിയ പരിചയംകൂടി ഉപയോഗപ്പെടുത്തി 2016ൽ പ്രിലിമിനറി എഴുതിയപ്പോൾതന്നെ അതുലിന് ഉറപ്പുണ്ടായിരുന്നു, ഇൻറർവ്യൂ വരെ എത്തുമെന്ന്. അങ്ങനെ സംസ്ഥാനത്തുനിന്ന് ഇത്തവണ എഴുതിയവരിൽ ഒന്നാമനും രാജ്യത്തെ പതിമൂന്നാമനുമായി, കണ്ണൂർ പരിയാരം എം.വി ഹൗസിലെ ഇൗ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി സ്വപ്നനേട്ടം കൈവരിച്ചു. കുസാറ്റിൽനിന്ന് ബി.ടെക് ബിരുദം നേടി കാമ്പസ് റിക്രൂട്ട്മെൻറ് വഴി ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് സിവിൽ സർവിസിെൻറ വഴിയിൽ എത്തിയത്.‘‘കുത്തിയിരുന്ന് പഠിച്ച് നേടാവുന്ന ഒന്നല്ല സിവിൽ സർവിസ്. കാര്യങ്ങൾ മനസ്സിലാക്കി ചിട്ടയായി വളരെ ആസൂത്രണത്തോടെ പഠിക്കുകയാണ് വേണ്ടത്’’ -അതുൽ പറയുന്നു. രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിച്ച അതുൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.
അടിത്തറയൊരുക്കിയത് സിവില്‍ സര്‍വിസ് അക്കാദമി
സംസ്ഥാന സിവിൽ സർവിസ് അക്കാദമിയിലെ ആറു മാസ പഠനം ശരിക്കും അടിത്തറയൊരുക്കാൻ സഹായിച്ചു. ഒപ്പം ഐ ലേൺ, എൻലൈറ്റ് സിവിൽ സർവിസ് അക്കാദമികളിലും പരിശീലനം നേടി. അഖിൽ എന്ന അധ്യാപകെൻറ ജ്യോഗ്രഫി ക്ലാസ് ഇഷ്ടപ്പെട്ടതോടെ ഐച്ഛിക വിഷയമായി ജ്യോഗ്രഫിതന്നെ തെരഞ്ഞെടുത്തു. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടായിരുന്നില്ല. എന്നാൽ, പഠിക്കുന്ന സമയം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചപോലെ പേടിപ്പെടുത്തുന്നതായിരുന്നില്ല ഇൻറർവ്യൂ. റെസ്യൂമെയിലെ വ്യക്തിപരമായ ഒരു കാര്യം ചോദിച്ചതിനു പിന്നാലെ വരുക അന്താരാഷ്ട്ര വിഷയത്തിലെ മറ്റൊരു ചോദ്യമാണ്. പിന്നാലെ പ്രാദേശിക സംഭവങ്ങളും ചോദ്യങ്ങളാവും. കണ്ണൂരിലെ കൊലപാതക രാഷ്ട്രീവും തെയ്യവും പൂരക്കളിയും സംബന്ധിച്ച ചോദ്യങ്ങൾവരെ വന്നു. ഉത്തരങ്ങളെന്തായാലും നമ്മൾ പറയുന്നതിലെ കാര്യങ്ങളാണ് ബോർഡ് വിലയിരുത്തുന്നത്. ഇവിടെ ഭാഷ ഒരു വിഷയമേ അല്ല. കടുകട്ടി ഇംഗ്ലീഷുണ്ടെങ്കിലേ കലക്ടറാവാൻ കഴിയൂ എന്നതൊക്കെ വെറും മിഥ്യയാണ്. ഉത്തരങ്ങൾ വേണമെങ്കിൽ മാതൃഭാഷയിൽതന്നെ പറയാനും കഴിയും ^അതുൽ വിവരിക്കുന്നു.
സിവില്‍ സര്‍വിസ് ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കൂ...
എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാൻ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. എന്ത് വായിക്കുമ്പോഴും അതിൽനിന്നൊരു ചോദ്യവും ഉത്തരവും കണ്ടെത്തണം. ഇത് ശീലിച്ചാൽ ശരിയാവുന്നതേയുള്ളൂ. പത്രങ്ങളുടെ എഡിറ്റോറിയലുകൾ മുടക്കമില്ലാതെ വായിക്കുന്നത് സ്വന്തം കാഴ്ചപ്പാട് വളർത്തിയെടുക്കാനും അതുവഴി കൃത്യമായ നിലപാട് സ്വീകരിക്കാനും സഹായിക്കും -സിവിൽ സർവിസ് ആഗ്രഹിക്കുന്നവരോട് അതുലിെൻറ നിർദേശമിതാണ്. ഇൻറർനെറ്റും സോഷ്യൽ മീഡിയകളും പഠനത്തെ സഹായിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് എന്ന പേജിലുള്ള അപ്ഡേഷനുകളും അഡ്മിനിസ്ട്രേഷൻ രംഗത്തെ പുതിയ ചലനങ്ങളെ തത്സമയം അറിയാനും പ്രയോജനം ചെയ്തിരുന്നു.
കൂട്ടുനിന്നത് കുടുംബം
എൻജിനീയറിങ് കഴിഞ്ഞ് കിട്ടിയ ജോലി കളഞ്ഞ് സിവിൽ സർവിസ് പരിശീലനം തെരഞ്ഞെടുത്തപ്പോൾ വീട്ടുകാർ എതിർത്തില്ല. പഠനത്തിന് പൂർണ പിന്തുണയുമായി അവർ കൂടെ നിന്നു. വിമുക്തഭടനായ എം.വി. ജനാർദനനാണ് പിതാവ്. വീട്ടമ്മയായ ലത ജനാർദനനാണ് മാതാവ്. ഗൾഫിൽ താമസമാക്കിയ നീതു വൈഭവ് ഏക സഹോദരിയാണ്.
തയാറാക്കിയത്: പി. സഫ്വാന് റാഷിദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.