കുവൈത്ത് സിറ്റി: ന്യൂ ഇംഗ്ലീഷ് സ്കൂളിലെ എ ലെവൽ വിദ്യാർഥിയായ കെവിൻ യാദൃച്ഛികമായാണ് സ്കൂൾ പാഠ്യപദ്ധതിയിലെ വിഷയങ്ങളിൽനിന്ന് മാറി ചരിത്രത്തിെൻറ പാതയിലേക്ക് തിരിയുന്നത്. ഇത് കോതമംഗലം സ്വദേശിയായ ഇൗ പതിനെട്ടുകാരനെ ശ്രദ്ധേയമായ ഇടങ്ങളിലെത്തിച്ചു. വിദ്യാഭ്യാസവിചക്ഷണരും അക്കാദമികപണ്ഡിതരും സാേങ്കതികവിദഗ്ധരുമെല്ലാം കളം കൈയടക്കിയിരുന്ന ടെഡ് എക്സ് പ്രഭാഷണവേദിയിൽ സംസാരിക്കാൻ അവസരം ലഭിച്ച ഏക ഇന്ത്യക്കാരനായിരുന്നു കെവിൻ മാത്യു.
14ാം വയസ്സിൽ കുവൈത്തിലെ ദാർ അൽ അതർ മ്യൂസിയം സന്ദർശിക്കാനിടയായതാണ് നിർണായകമായത്. കുവൈത്തിലെ പ്രമുഖ മ്യൂസിയമായ താരീഖ് രജബ് ഇസ്ലാമിക് കാലിഗ്രഫി മ്യൂസിയത്തിൽ ഡോസൻറ് പ്രോഗ്രാമിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചു. കുവൈത്തിൽ വിദ്യാർഥികൾ നേതൃത്വം നൽകിയ ഇത്തരത്തിലെ ആദ്യ പരിപാടിയായിരുന്നു ഇത്. മ്യൂസിയത്തിലെത്തുന്ന അതിഥികൾക്ക് ചരിത്രവും സംസ്കാരവും മറ്റുപ്രത്യേകതകളും വിവരിച്ച് നൽകുന്നതാണ് ഡോസൻറ് പ്രോഗ്രാം. വിദ്യാർഥികളും അധ്യാപകരും കുടുംബങ്ങളും വിദേശ രാജ്യങ്ങളുടെ അംബാസഡർമാരും സംബന്ധിച്ച പരിപാടി ശ്രദ്ധിക്കപ്പെട്ടു.
ഡോസൻറ് പ്രോഗ്രാമിനെക്കുറിച്ച് ആർട്ടിക്കിൾ എഴുതാനായി ദാർ അൽ അതർ മ്യൂസിയത്തിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സൂസൻ ഡേയോട് ഉപദേശം തേടിയപ്പോൾ അവരാണ് ടെഡ് എക്സ് വേദിയെക്കുറിച്ച് പറഞ്ഞത്. പിന്നീട് ഇ-മെയിലിലൂടെയും നേരിട്ടും അതിെൻറ സംഘാടകരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കൊടുവിൽ സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു. ടെഡ് എക്സ് പ്രഭാഷണവേദിയിൽ വെല്ലുവിളികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം എന്നതിനെക്കുറിച്ചാണ് കെവിൻ സംസാരിച്ചത്. സ്വന്തം അനുഭവങ്ങളെ മുൻനിർത്തി നല്ലരീതിയിൽ തന്നെ സംസാരിക്കാനായി. കുവൈത്തിലെ ഗൾഫ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സോളി മാത്യുവിെൻറയും ബെൻസി മാത്യുവിെൻറയും മകനാണ് കെവിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.