സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​ നി​ന്ന് ഇന്ന് പടിയിറങ്ങുന്നത് 16,000 ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവിസിൽനിന്ന് 16000 പേർ വെള്ളിയാഴ്ച പടിയിറങ്ങും. ഇതിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടേറിയറ്റിൽനിന്ന് അഞ്ച് സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേർ വിരമിക്കും. 15 ഐ.പി.എസുകാരും 27 ഡിവൈ.എസ്.പിമാരും 60 ഇൻസ്പെക്ടർമാരും പൊലീസിൽനിന്ന് പടിയിറങ്ങുമ്പോൾ കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിക്കുന്നത് 600ഓളം പേരാണ്.

തദ്ദേശവകുപ്പിൽ 300ഓളം പേരുണ്ട്. റവന്യൂ വകുപ്പിൽ തഹസിൽദാർമാർ അടക്കം 500ഓളം പേരും. 2023നെ അപേക്ഷിച്ച് കൂട്ടവിരമിക്കലാണ് ഇക്കുറി. 11,801 പേരാണ് കഴിഞ്ഞ വർഷം വിരമിച്ചത്. ശരാശരി 6000-7000 പേർ വിരമിച്ചിരുന്നിടത്താണ് ഇക്കുറി 16000ത്തിലേക്കുയർന്നത്. ഇവർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ മാത്രം 9000 കോടി രൂപ വേണം. ഗ്രാറ്റ്വിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ.

ഈ സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി നൽകിയിരുന്നു. ഇതാണ് കനത്ത സാമ്പത്തിക ചെലവുകൾക്ക് മുന്നിൽ ധനവകുപ്പിന്‍റെ പിടിവള്ളി. ഇതിൽനിന്ന് 2000 കോടി കൂടി കടമെടുക്കാനാണ് ധനവകുപ്പ് തീരുമാനം. ജൂൺ നാലിന് ഇതിനുള്ള കടപ്പത്രങ്ങൾ പുറപ്പെടുവിക്കും.

ബുധനാഴ്ച 3500 കോടി വായ്പയെടുക്കാൻ കടപ്പത്രങ്ങൾ പുറപ്പെടുവിച്ചിരുന്നു. പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കാനുള്ള സാവകാശത്തിൽ മാത്രമാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ. ഇതിനിടെ ക്ഷേമ പെൻഷൻ വിതരണം നടക്കുന്നുണ്ട്. ജനുവരിയിലെ പെൻഷൻ വിതരണത്തിനായി നീക്കിവെച്ചത് 900 കോടിയാണ്.

മേയ് വരെയുള്ള നാല് മാസം കുടിശ്ശികയാണ്. കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പനുസരിച്ച് കേരളത്തിന് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. കഴിഞ്ഞ സാമ്പത്തിക വർഷം 36,000 കോടി വായ്പ എടുക്കാമായിരുന്നെങ്കിലും 28,830 കോടിക്കാണ് അനുമതി ലഭിച്ചത്. പെൻഷൻ കമ്പനിയും കിഫ്ബിയുമെടുത്ത വായ്പകൾ പൊതുകടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി ഇക്കുറിയും വെട്ടിക്കുറക്കുമോ എന്ന ആശങ്കയുണ്ട്. 

Tags:    
News Summary - 16,000 employees are retire today in kerala; 9000 crore for retirement benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.