സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ശാഖകളിലേക്ക് ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള പ്രാവീണ്യമുണ്ടായിരിക്കണം. ഒരാൾക്ക് ഒരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ക്ലറിക്കൽ കേഡറിർ തസ്തികയുടെ ശമ്പളനിരക്ക് 24,050-64,480 രൂപ. ബിരുദധാരികൾക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുള്ളതിനാൽ 26,730 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളുമടക്കം പ്രതിമാസം 46,000 രൂപ ശമ്പളം ലഭിക്കും.
ഒഴിവുകൾ: വിവിധ സർക്കിളുകളിലായി ആകെ 13,735 ഒഴിവുകൾ നിലവിലുണ്ട്. കേരളത്തിൽ 426, ലക്ഷദ്വീപ് -2, തമിഴ്നാട് -336, പുതുച്ചേരി 4, കർണാടക -50 എന്നിങ്ങനെ. സമഗ്ര വിവരങ്ങൾ www.sbi.co.in/web/careers/current-openingsൽ.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. ബിരുദപരീക്ഷ 2024 ഡിസംബർ 31 നകം പാസായിരിക്കണം.
സായുധസേനകളിൽ 15 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്ക് മെട്രിക്കുലേഷന് തത്തുല്യമായ ആർമി/നേവി/എയർഫോഴ്സ് സപെഷൽ എജുക്കേഷൻ സർട്ടിഫിക്കറ്റ് ഉള്ളപക്ഷം അപേക്ഷിക്കാം.
പ്രായപരിധി: 1.4.2024 ൽ 20-28 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി/വിമുക്തഭടന്മാർ/എസ്.ബി.ഐ ട്രെയിൻഡ് അപ്രന്റീസ് വിഭാഗങ്ങളിൽപെടുന്നവർക്ക് വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് -750 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
ഓൺലൈനായി ജനുവരി ഏഴുവരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷകൾ, പ്രാദേശിക ഭാഷ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരിയിൽ നടത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്. ന്യൂമെറിക്കൽ എബിലിറ്റി, റീഡറിങ് എബിലിറ്റി എന്നിവയിൽ നൂറു ചോദ്യങ്ങൾ. ഒരു മണിക്കൂർ സമയം. തെറ്റിയാൽ നെഗറ്റീവ് മാർക്കുണ്ട്. ഇതിൽ യോഗ്യത നേടുന്നവരെ ഓൺലൈൻ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ്, ആപ്റ്റിറ്റ്യൂഡ്, റീഡിങ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയിലായി 190 ചോദ്യങ്ങൾ, പരമാവധി 200 മാർക്ക്. രണ്ടു മണിക്കൂർ 40 മിനിറ്റ് സമയം. തെറ്റിയാൽ നെഗറ്റീവ് മാർക്കുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. വെയ്റ്റിങ് ലിസ്റ്റുമുണ്ടാകും.
കേരളത്തിൽ ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊച്ചി/എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. 10 അല്ലെങ്കിൽ 12 ക്ലാസിൽ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ച് പാസായ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശിക ഭാഷ പരീക്ഷ എഴുതേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.