ബാങ്ക് ക്ലർക്ക് 6128 ഒഴിവുകൾ; കേരളത്തിൽ 106

കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിൽ നിയമനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കുള്ള കോമൺ ​റിക്രൂട്ട്മെന്റാണിത്. വിവിധ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ള വിവിധ ബ്രാഞ്ചുകളിലായി ആകെ 6128 ഒഴിവുകളുണ്ട്. കേരളത്തിൽ 106 ഒഴിവുകൾ ലഭ്യമാണ് (2025 -26 വർഷത്തേക്കുള്ള ഒഴിവുകളാണിത്). വിശദ വിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. കമ്പ്യൂട്ടർ/ഐ.ടി കോഴ്സ് പഠിച്ച് പാസായ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടാകണം. അല്ലെങ്കിൽ സ്കൂൾ/കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അതത് സംസ്ഥാന/കേന്ദ്ര ഭരണപ്രദേശത്തെ ഔദ്യോഗിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. (വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം).

വിമുക്ത ഭടന്മാർക്ക് മെട്രിക്കുലേഷൻ/ആർമി സ്​പെഷൽ എജുക്കേഷൻ/തത്തുല്യ സർട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാം.

പ്രായപരിധി: 1.7.2024ൽ 20-28 വയസ്സ്. പട്ടിക വിഭാഗത്തിന് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം എന്നിങ്ങനെയും വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ് 850 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനായി ജൂലൈ 21 വരെ രജിസ്റ്റർ ചെയ്യാം.

തെരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2024 ആഗസ്റ്റിലും ഇതിൽ യോഗ്യത നേടുന്നവർക്കായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത മെയിൻ പരീക്ഷ ഒക്ടോബറിലും നടത്തും. പ്രിലിമിനറിക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാ കേന്ദ്രങ്ങളാണ്. മെയിൻ പരീക്ഷക്ക് കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

പരീക്ഷ: ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റിസണിങ് എബിലിറ്റി എന്നിവയിലായി 100 ചോദ്യങ്ങളുണ്ടാവും. ഒരു മണിക്കൂർ സമയം ലഭിക്കും. ഇതിൽ യോഗ്യത നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് ക്ഷണിക്കുക. മെയിൻ പരീക്ഷയും ഒബ്ജക്ടിവ് മാതൃകയിലാണ്.

1. ജനറൽ/ ഫിനാൻഷ്യൽ അവയർനെസ്- 50 ചോദ്യങ്ങൾ, 50 മാർക്കിന്, 35 മിനിറ്റ് സമയം ലഭിക്കും. 2. ജനറൽ ഇംഗ്ലീഷ് -40/40, 35 മിനിറ്റ് സമയം.

3. റീസണിങ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിട്യൂഡ്- 50/60, 45 മിനിറ്റ് സമയം.

4. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിട്യൂഡ്- 50/50, സമയം 45 മിനിറ്റ് (ആകെ 190 ചോദ്യങ്ങൾ, പരമാവധി മാർക്ക് 200, സമയം 160 മിനിറ്റ്). കേരളത്തിലുള്ളവർക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കാം. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും സംവരണ ഒഴിവുകളുമെല്ലാം റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.

Tags:    
News Summary - bank clerk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:46 GMT