തിരുവനന്തപുരം: വിവിധ സർക്കാർ/ പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തിൽപരം ഒഴിവുകളിലേക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങ്ങും ചേർന്ന് ബി.ടെക്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു.
വി.എസ്.എസ്.സി, എൽ.പി.എസ്.സി, കെ.എസ്.ഇ.ബി, ഫാക്ട്, കൊച്ചി മെട്രോ, എൻ.പി.ഒ.എൽ, എച്ച്.എം.ടി, ടി.സി.സി, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ബി.ടെക്, ത്രിവത്സര പോളി ഡിപ്ലോമ പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
ബി.ടെക്കുകാർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് കുറഞ്ഞത് 8000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. ട്രെയിനിങ്ങിനുശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യതലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും.
എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്തശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും വിശദ ബയോഡാറ്റയും സഹിതം ഒക്ടോബർ ഏഴിന് രാവിലെ എട്ടിന് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ ഹാജരാകണം.
ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇതിന് അനുസൃതമായി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കരുതണം. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷഫോറം എസ്.ഡി സെന്റർ വെബ്സൈറ്റിൽനിന്ന് ലഭിക്കും. വിവരങ്ങൾക്ക്: www.sdcentre.org. വി.എസ്.എസ്.സിയിൽ ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ്, ബി.കോം, ബി.എസ്സി, ബി.എ യോഗ്യതയുള്ളവർക്കായി നൂറിലേറെ അവസരമുണ്ട്. ഇതിന്റെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.