അവിവാഹിതരായ പുരുഷന്മാർക്ക് കരസേനയിൽ 10 + 2 ടെക്നിക്കൽ എൻട്രിയിലൂടെ (TES-53) സൗജന്യ ബി.ടെക് പഠന പരിശീലനങ്ങൾ നേടി ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റുമുണ്ട്. മൊത്തം നാലു വർഷമാണ് പഠന പരിശീലനങ്ങൾ. ജെ.ഇ.ഇ മെയിൻ 2024 പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് അവസരം. ആകെ 90 ഒഴിവുകളാണുള്ളത്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു /ഹയർ സെക്കൻഡറി /തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 16.5 വയസ്സ് തികഞ്ഞിരിക്കണം. 19.5 വയസ്സ് കവിയാനും പാടില്ല. 2006 ജനുവരി രണ്ടിന് മുമ്പോ 2009 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി നവംബർ ആറിനകം അപേക്ഷ സമർപ്പിക്കണം.
സെലക്ഷൻ: മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) മുമ്പാകെ ബംഗളൂരു, ഭോപാൽ, ജലന്ധർ, പ്രയാഗ് രാജ് (യു.പി) എന്നിവിടങ്ങളിലായി ഇന്റർവ്യൂവിന് ക്ഷണിക്കും. അഞ്ചു ദിവസത്തോളം നീളുന്ന ഇന്റർവ്യൂവിൽ സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റ് അടക്കമുള്ള പരീക്ഷകളുണ്ടാവും. രണ്ടുഘട്ടമായി നടത്തുന്ന പരീക്ഷയിൽ ഒന്നാംഘട്ടം വിജയിക്കുന്നവരെയാണ് രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുപ്പിക്കുക. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ പരിശീലനം നൽകും. ഒന്നാംഘട്ട അടിസ്ഥാന സൈനിക പരിശീലനവും എൻജിനീയറിങ് പഠന പരിശീലനങ്ങളും പുണെ, സെക്കന്ദരാബാദ് കേന്ദ്രങ്ങളിൽ ലഭിക്കും. രണ്ടാംഘട്ട പരിശീലനം ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ വെച്ചാണ് നൽകുക. പഠന പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം സമ്മാനിക്കുന്നതോടൊപ്പം 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കുന്നതാണ്. ക്ഷാമബത്ത, യൂനിഫോം അലവൻസ്, റേഷൻ അടക്കം നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.