തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പില്‍നിന്ന് പി.എസ്.സി വഴി കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിച്ചത് 34 പേര്. ഒരു പഠനവകുപ്പില്‍നിന്ന് ഇത്രയധികം പേര് ഒരുമിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ്.
അടുത്തിടെ പഠനവകുപ്പില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയവരും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായവര്ക്കാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരം ലഭിച്ചത്. എം.എ, എം.ഫില്‍, പി.എച്ച്.ഡി ബിരുദധാരികളായ ഇവര്‍ക്ക് എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എ, യു.പി.എസ്.എ എന്നീ തസ്തികകളിലാണ് നിയമനം ലഭിച്ചത്.
ജോലി കിട്ടിയ മുഴുവന്‍ സമയ പി.എച്ച്.ഡി പഠിതാക്കള്‍ കോഴ്സ് പാര്‍ട്ട് ടൈം ആക്കുന്നതിന് അപേക്ഷ നല്‍കിയതായി വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് പറഞ്ഞു.
ഹിന്ദി വകുപ്പില്‍ പഠിച്ചിറങ്ങിയവരില്‍ ഗവ. കോളജുകളിലും സ്കൂളുകളിലും അധ്യാപകരായി ജോലി ചെയ്യുന്നവരും റെയില്‍വേ, വിമാനത്താവളം, പ്രതിരോധ മേഖല തുടങ്ങിയവയില്‍ പരിഭാഷകരായി ജോലി ചെയ്യുന്നവരുമുണ്ട്. കാലിക്കറ്റിലെ തന്നെ ചരിത്രപഠന വകുപ്പില്‍നിന്ന് അഞ്ചുപേരും ഇത്തവണ അധ്യാപകരായി ജോലി നേടിക്കഴിഞ്ഞു. മറ്റു പഠനവകുപ്പുകളില്‍ നിന്ന് അടുത്തിടെ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചവരുടെ കണക്കുകള്‍ ആഭ്യന്തര ഗുണനിലവാര സമിതി (ഐ.ക്യു.സി) ശേഖരിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.