സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ/ഫയർ

കേ​ന്ദ്ര വ്യാവസായിക സുരക്ഷാസേന (സി.ഐ.എസ്.എഫ്) കോൺസ്റ്റബിൾ/ഫയർ (പുരുഷന്മാർ) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലായി ആകെ 1130 ഒഴിവുകളുണ്ട്. കേരളത്തിൽ നക്സൽ/മിലിറ്റൻസി മേഖലയുൾപ്പെടെ 37 ഒഴിവുകളാണുള്ളത്. താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. സ്ഥിരപ്പെടാനിടയുണ്ട്. ശമ്പളനിരക്ക് 21,700-69,100 രൂപ. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://cisfrectt.cisf.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓരോ സംസ്ഥാന/കേ​ന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമായ ഒഴിവുകൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന/മേഖലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 30.09.2024ൽ 18-23 വയസ്സ്. 2001 ഒക്ടോബർ ഒന്നിനും 2006 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിൽ പെടുന്നവർക്ക് മൂന്നുവർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്ത് സ്ഥിരതാമസക്കാരായിരിക്കണം. അവിടത്തെ ഒഴിവുകളിലേക്കാണ് പരിഗണിക്കപ്പെടുക. ഇതിനായി ‘ഡൊമിസൈൽ’ സർട്ടിഫിക്കറ്റ് ഹാജരാ​ക്കേണ്ടതുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്‍നസുണ്ടായിരിക്കണം.അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യു.പി.ഐ, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടക്കാം. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷൻ: കായികക്ഷമതാ പരീക്ഷ/ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റിൽ 100 ചോദ്യങ്ങൾ. പരമാവധി 100 മാർക്കിന്. സമയം രണ്ടു മണിക്കൂർ. പരീക്ഷാതീയതി, സമയക്രമം, സെന്റർ മുതലായ വിവരങ്ങൾ വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും.

ശാരീരിക യോഗ്യതയായി 170 സെ.മീറ്റർ ഉയരവും 80-85 സെ.മീറ്റർ നെഞ്ചളവും അഞ്ചു സെ.മീറ്റർ വികാസശേഷിയും ഉണ്ടാകണം. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും ഉണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. കായികക്ഷമതാ പരീക്ഷയിൽ 24 മിനിറ്റിൽ അഞ്ചു കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. 

Tags:    
News Summary - CISF Constable/Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.