കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു (കാറ്റഗറി നമ്പർ 63/2024 മുതൽ 66/2024 വരെ). ജനറൽ വിഭാഗത്തിലും സൊസൈറ്റി വിഭാഗത്തിലുമാണ് ഒഴിവുകൾ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഏപ്രിൽ ഒമ്പതിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
ക്ലർക്ക്/കാഷ്യർ: ജനറൽ വിഭാഗം-ഒഴിവുകൾ 115, ശമ്പളം 20,280-54,720 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യതകൾ: കോമേഴ്സ് ബിരുദം അല്ലെങ്കിൽ കോഓപറേഷൻ പ്രത്യേക വിഷയമായി ആർട്സിൽ ബിരുദാനന്തര ബിരുദം.
അല്ലെങ്കിൽ ബിരുദവും സഹകരണത്തിലും ബിസിനസ് മാനേജ്മെന്റിലുമുള്ള ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി.എം ആൻഡ് ബി.എം/എച്ച്.ഡി.സി.എം/ജെ.ഡി.സി ഉള്ളവരെയും പരിഗണിക്കും) അല്ലെങ്കിൽ ബി.എസ് സി കോഓപറേഷൻ ആൻഡ് ബാങ്കിങ് ബിരുദം. പ്രായം: 18-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
സൊസൈറ്റി വിഭാഗത്തിൽ 115 ഒഴിവുകൾ ലഭ്യമാണ്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്ത മെംബർ സൊസൈറ്റികളിൽ സ്ഥിരജോലിയുള്ള നിശ്ചിത യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. അപേക്ഷിക്കുമ്പോൾ സർവിസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
ഓഫിസ് അറ്റൻഡന്റ്: ജനറൽ വിഭാഗത്തിൽ 125 ഒഴിവുകളുണ്ട്. ശമ്പളം 16,500-44,050 രൂപ. നേരിട്ടുള്ള നിയമനം.
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല. പ്രായം: 18-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
സൊസൈറ്റി വിഭാഗത്തിൽ 124 ഒഴിവുകൾ ലഭ്യമാണ്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്ത മെംബർ സൊസൈറ്റികളിലെ മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർക്കാണ് അവസരം. പ്രായപരിധി 18-50 വയസ്സ്. മൂന്നുവർഷം തുടർച്ചയായി സേവനമനുഷ്ഠിക്കുന്നവരാകണം.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ, സംവരണം, പ്രൊബേഷൻ അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.