നോയിഡ: ബിരുദധാരികൾക്ക് വൻ അവസരമൊരുക്കാനൊരുങ്ങി ഐ.ടി ഭീമൻമാരായ എച്ച്.സി.എൽ. ഈ വർഷം 20,000 മുതൽ 22,000 വരെ ബിരുദധാരികളായ തുടക്കക്കാരെ കമ്പനി നിയമിക്കും. അടുത്തവർഷം 30,000ത്തിലധികം ബിരുദധാരികളായ തുടക്കക്കാരെയും കമ്പനിയിൽ നിയമിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
സീനിയർ മാനേജർമാർക്ക് ആഴ്ചയിൽ രണ്ടുദിവസം ഓഫിസിലെത്താൻ കമ്പനി സൗകര്യമൊരുക്കി തുടങ്ങിയിരുന്നു. ആവശ്യകത അനുസരിച്ച് ആഴ്ചയിൽ ഒരു ദിവസവും കമ്പനിയിലെത്താൻ അവസരം നൽകും. കോവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷവും വർക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കാനാണ് കൂടുതൽ ഐ.ടി കമ്പനികളുടെ നീക്കം.
കമ്പനിയിൽ കൊഴിഞ്ഞുപോകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതോടെ ഐ.ടി ഭീമനായ ഇൻഫോസിസ് തുടക്കക്കാരെ വൻതോതിൽ നിയമിക്കാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചിരുന്നു. 45,000 തുടക്കക്കാരായ ബിരുദധാരികളെ നിയമിക്കാനാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ലക്ഷ്യം. നേരത്തേ 35,000 ബിരുദധാരികളെ നിയമിക്കാനായിരുന്നു തീരുമാനം.
എച്ച്.സി.എൽ ജീവനക്കാർക്ക് ശമ്പളവർധന പ്രഖ്യാപിച്ചിരുന്നു. ഓഫ്ഷോർ ജീവനക്കാർക്ക് ഏഴുമുതൽ എട്ടുശതമാനവും ഓൺസൈറ്റ് ജീവനക്കാർക്ക് മൂന്നുമുതൽ നാലുവരെയുമാണ് ശമ്പളവർധന. സീനിയർ മാനേജർമാരുടെ ശമ്പള വർധന പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2022ൽ വരുമാന വർധന നിരക്ക് ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.