കൊച്ചി: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരായി ഹൈസ്കൂൾ പ്രധാനാധ്യാപകരെ നിയമിക്കുന്ന രീതി തുടരുന്നതിനെതിരെ ഹയർ സെക്കൻഡറി അധ്യാപകർ നിയമ നടപടി ശക്തമാക്കാനൊരുങ്ങുന്നു. പ്രത്യേക സാഹചര്യത്തിൽ 16 വർഷം മുമ്പ് പ്രിൻസിപ്പൽ നിയമനത്തിന് കൊണ്ടുവന്ന പ്രത്യേക ചട്ടം ഹയർസെക്കൻഡറി മേഖലയിൽ യോഗ്യരായ അധ്യാപകർ യഥേഷ്ടമുള്ള ഇപ്പോഴും തുടരുന്നതിൽ അതൃപ്തി പടരുന്ന സാഹചര്യത്തിലാണിത്. ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ ഹരജിയിൽ പരാതിക്കാരെ കൂടി കേട്ട് മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇൗ ഉത്തരവ് വന്നതിന് പിന്നാലെ ഹെഡ്മാസ്റ്റർമാർ കൂടി ഉൾപ്പെടുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പട്ടിക സർക്കാർ പുറപ്പെടുവിച്ചത് ഹയർ സെക്കൻഡറി അധ്യാപകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്റർമാർ മാത്രമല്ല, എ.ഇ.ഒമാരും ഡി.ഇ.ഒമാരും ടി.ടി.െഎ ഇൻസ്ട്രക്ടറും വരെ ഉൾപ്പെടുന്നതാണ് പട്ടിക. 268 പ്രിൻസിപ്പൽമാരിൽ 79 പേരാണ് ഹയർ സെക്കൻഡറിക്ക് പുറത്തുനിന്നുള്ളത്.
മതിയായ യോഗ്യതയുള്ള ഹയർ സെക്കൻഡറി അധ്യാപകരെ ലഭ്യമല്ലാതിരുന്നപ്പോൾ 2001ലാണ് ആകെ പ്രിൻസിപ്പൽ ഒഴിവുകളുടെ മൂന്നിലൊന്നു ഭാഗം ഹൈസ്കൂൾ പ്രധാനാധ്യാപകരെ െകാണ്ട് നികത്തണമെന്ന ചട്ടം സർക്കാർ കൊണ്ടുവന്നത്. ഹൈസ്കൂളുകളിൽനിന്ന് യോഗ്യതയുള്ള അധ്യാപകരെ ഹയർ സെക്കൻഡറിയിൽ നിയമിക്കുന്ന കാലത്തായിരുന്നു ഇൗ തീരുമാനം. പിന്നീട് 2005 മുതൽ ഹയർ സെക്കൻഡറി അധ്യാപകരായി പി.എസ്.സി നിയമനം ആരംഭിച്ചു. മൂന്ന് വർഷമായി പ്രിൻസിപ്പൽമാരുടെ മുഴുവൻ ഒഴിവിലേക്കും നിയമിക്കപ്പെടാൻ ആവശ്യമായ യോഗ്യതയുള്ള അധ്യാപകർ ഹയർ സെക്കൻഡറി മേഖലയിലുണ്ട്. എന്നാൽ, ഹൈസ്കൂൾ അധ്യാപകരെ നിയമിക്കാനുള്ള പ്രത്യേക നിയമം പിൻവലിക്കാതെ പഴയ രീതിയിൽ നിയമനം തുടരുകയാണ്.
ബിരുദമെടുത്ത വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും 12 വർഷം ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപന പരിചയവുമാണ് പ്രിൻസിപ്പലാവാൻ വേണ്ട യോഗ്യത. എന്നാൽ, ഹെഡ്മാസ്റ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം മതി. സെറ്റ് വേണ്ടതുമില്ല. ഒരു ദിവസം പോലും ഹയർ സെക്കൻഡറിയിൽ അധ്യാപനം നടത്താതെ പ്രിൻസിപ്പലാകുന്ന ഹെഡ്മാസ്റ്റർ ബിരുദാനന്തര ബിരുദമുള്ള വിഷയത്തിലാണ് അധ്യാപനം നടത്തേണ്ടി വരുന്നത്. ഇത് പഠന നിലവാരത്തെ ബാധിക്കുന്നുവെന്ന പരാതി നേരേത്ത മുതലുണ്ട്. യോഗ്യരായ അധ്യാപകർ ലഭ്യമായ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹയർ സെക്കൻഡറിയിൽനിന്ന് തന്നെ പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന ആവശ്യമാണ് അധ്യാപകർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.