കല്പറ്റ: നിയമന ഉത്തരവ് കൈമാറല്‍ ചടങ്ങിനിടെ, റാങ്ക് പട്ടികയിൽ അനർഹരെ തിരുകിക്കയറ്റിയെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങള്‍ക്ക് നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്.
വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ബ്ലോക്കുകളിലെയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെയും വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെൻറ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കാറ്റഗറി നമ്പര്‍ 8/2020, 9/2020 എന്നീ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയില്ലാതെ നടത്തിയ നിമനത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്നവരടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ പുറത്തായത്. മതിയായ യോഗ്യതകളുണ്ടായിട്ടും തങ്ങളെ തഴഞ്ഞതായും അനർഹരായവരെ ഉൾപ്പെടുത്തിയതായും ഒരു വിഭാഗം പറയുന്നു.
വനത്തിലോ വനാതിർത്തികളിലോ താമസിക്കുന്നവർക്കാണ് നിയമനം എന്ന് ഉത്തരവില്‍ പറഞ്ഞിട്ടും നഗരങ്ങളിലടക്കം താമസിക്കുന്നവര്‍ക്ക് നിയമനം നല്‍കിയെന്നും ഇവര്‍ പറയുന്നു. ഐ.ടി.ഡി.പിയും വനംവകുപ്പും ഇതില്‍ ഒത്തുകളിച്ചെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും സ്ഥലത്തെത്തി. അതേസമയം, ന്യൂനതകള്‍ പരിഹരിച്ച് തികച്ചും സുതാര്യമായാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറഞ്ഞു.
അര്‍ഹരായവര്‍ക്ക് സാങ്കേതിക പ്രശ്നങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനായി പി.എസ്.സി ഓഫിസുകള്‍ മുഖാന്തരം ഉദ്യോഗാര്‍ഥികളില്‍നിന്ന് നേരിട്ടാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ആക്ഷേപങ്ങളുള്ളവർക്ക് പരാതി നൽകാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.