തിരുവനന്തപുരം: കേരള പൊലീസിലെ വിവാദമായ അടിമപ്പണിക്ക് അറുതിയാകുന്നു. ക്യാമ്പ് ഫോളോവർമാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതിന് നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇതിനുള്ള ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
ഒരു മാസത്തിനകം ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. ദാസ്യപ്പണി വിവാദം ഉയരും മുമ്പുതന്നെ ക്യാമ്പ് ഫോളോവർ നിയമനം പി.എസ്.സി വഴിയാക്കുന്നതിന് നടപടി കൈക്കൊള്ളാൻ നിർദേശം നൽകിയിരുന്നു. ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പി.എസ്.സിക്ക് വിട്ടിരുന്നു.
എന്നാല്‍, പ്രത്യേക ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പി.എസ്.സിക്ക് സാധിച്ചില്ല. ഇപ്പോള്‍ താൽക്കാലിക നിയമനമാണ് നടന്നുവരുന്നത്. 1200 ക്യാമ്പ് ഫോളോവർമാരാണ് കേരള പൊലീസിലുള്ളത്. 390 ഒഴിവുകളില്‍ ദിവസവേതനക്കാരും ജോലി െചയ്യുന്നു. ഭക്ഷണം പാകം ചെയ്യുക, വസ്ത്രം തേയ്ക്കുക, മുടിവെട്ട്, പരിസരം വൃത്തിയാക്കല്‍, അടിയന്തരസാഹചര്യങ്ങളില്‍ പൊലീസുകാര്‍ക്ക് വെള്ളം എത്തിക്കൽ തുടങ്ങിയവയാണ് ജോലി.
ക്യാമ്പിന് പുറത്തുള്ള ജോലികള്‍ക്ക് ഇവരെ നിയമിക്കാന്‍ പാടില്ലെന്നാണ് നിയമം. വീട്ടുജോലിക്ക് നിയമിക്കുന്നവരില്നിന്ന് ശമ്പളം ഈടാക്കണമെന്ന് ഡി.ജി.പിയുടെ 2015ലെ ഉത്തരവുണ്ട്. എന്നാൽ, അതെല്ലാം അവഗണിച്ച് ഉദ്യോഗസ്ഥർ അടിമപ്പണി ചെയ്യിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.