പി.എസ്‍.സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം; മൂന്നാംഘട്ട പരീക്ഷ ജൂൺ 15ന്

തിരുവനന്തപുരം: മേയ് 11, 25 തീയതികളിൽ നടന്ന ബിരുദതല പ്രാഥമിക പരീക്ഷകളിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് കേരള പി.എസ്‍.സി വീണ്ടും അവസരം നൽകും. ഇവർ പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ മതിയായ കാരണം പി.എസ്‍.സിയെ രേഖകൾ സഹിതം ബോധ്യപ്പെടുത്തിയാൽ ജൂൺ 15ന് നടക്കുന്ന മൂന്നാംഘട്ട പരീക്ഷ എഴുതാൻ അവസരം ലഭിക്കും. പരീക്ഷാദിവസങ്ങളിൽ അംഗീകൃത സർവകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയാലോ, അപകടം പറ്റി ചികിത്സയിലുള്ളവർ നിശ്ചിത മാതൃകയിലുള്ള ചികിത്സാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലോ പരീക്ഷ എഴുതാം.

പ്രസവസംബന്ധമായ ചികിത്സയുള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം. ഗർഭിണികളായ ഉദ്യോഗാർഥികളിൽ യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്‌ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ ഇക്കാര്യം തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികൾക്ക് തെളിവുസഹിതം അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്‍.സി ജില്ലാ ഓഫിസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിൽ നൽകണം. ജൂൺ ആറ് വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. തപാൽ വഴിയോ ഇ-മെയിൽ വഴിയോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. 

Tags:    
News Summary - Kerala PSC Degree Level Prelims 3rd Phase to be conducted on 15th June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.