കോവിഡ് ഭീതിയിൽ എസ്.എസ്.എൽ.സി മുതലങ്ങോട്ടുള്ള സ്കൂൾ, കോളജ് പരീക്ഷകളും പി.എസ്.സി, വിവിധ എൻട്രൻസ് പരീക്ഷകള ും മാറ്റിവെച്ചിരിക്കുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ ഇരുന്ന് പഠിക്കാൻ ഏറെ സമയവുമുണ്ട്. മടി പിടിച്ചിര ിക്കാതെ സമയം കൃത്യമായി വിനിയോഗിച്ച് പഠിക്കാൻ കിട്ടിയ സുവർണാവസരമാണിത്. അവധിയല്ലേ, നാളെ പഠിക്കാം, അല്ലെങ്കിൽ രണ ്ടുദിവസം കഴിഞ്ഞ് പഠിക്കാം എന്നൊക്കെയുള്ള ചിന്തമാറ്റിവെക്കുക. ഈ സമയവും കടന്നുപോകും. പരീക്ഷകൾ മുറപോലെ നടക്കും. എത്രയോ സമയം കിട്ടി ഞാനൊന്നും പഠിച്ചില്ലല്ലോ എന്ന കുറ്റബോധം തോന്നാതിരിക്കാൻ ഇന്നുതന്നെ റെഡിയാകുക.
1. സമയം ഫലപ്രദമായി ഉപയോഗിക്കാം
അപ്രതീക്ഷിതമായാണ് ഈ ഒഴിവ് ദിവസങ്ങൾ നമുക്ക് കിട്ടിയത്. ഓർക്കുക ഇത് അവധിക്കാലമല്ല, നന്നായി പഠിക്കാൻ കിട്ടിയ സുവർണാവസരമാണ്. ഈ സമയം പരമാവധി ഫലപ്രദമായി ഉപയോഗിക്കാം.
2. കൃത്യമായ പ്ലാനിങ്
പഠിക്കാനുള്ളതിനെ കുറിച്ചും റിവിഷൻ ചെയ്യേണ്ട ഭാഗങ്ങളെ കുറിച്ചും കൂടുതൽ വിശദമായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചും കൃത്യമായ പ്ലാനിങ് വേണം. ഒരു ദിവസം എത്രനേരം/ ഏത് സമയത്ത് പഠിക്കണം എന്ന് തീരുമാനിക്കുക. അതനുസരിച്ച് പഠിക്കുക. ഒരു ദിവസംപോലും വിട്ടുകളയാതിരിക്കുക.
3. എപ്പോഴും തയാറായിരിക്കുക
മേയ് രണ്ടാം വാരത്തോടെ പരീക്ഷകൾ പുനരാരംഭിക്കുമെന്നാണ് പുതിയ വിവരം. പരീക്ഷ എപ്പോൾ വേണമെങ്കിലും നടക്കട്ടെ. പക്ഷേ, എന്ന് നടക്കുമെന്ന് നമ്മൾ സ്വയമൊരു ധാരണയുണ്ടാക്കുക. അതനുസരിച്ച് പഠിക്കുക. എന്ന് പരീക്ഷ നടത്തിയാലും എഴുതാൻ തയാറായിരിക്കുക. ലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് ആർക്കും പുറത്തേക്കൊന്നും പോകാനുണ്ടാവില്ല. പൂർണപിന്തുണയുമായി മാതാപിതാക്കളും കൂടെയുണ്ട്. പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാം.
4. ഏത് സാഹചര്യവും നേരിടുക
നാം ശീലിച്ചതിൽനിന്ന് വ്യത്യസ്തമായി ഒരുപക്ഷേ ഓൺലൈനായിട്ടായിരിക്കും പരീക്ഷകൾ നടത്തുക. അങ്ങനെയൊരു അറിയിപ്പു വന്നാൽ അതിന് സജ്ജമായിരിക്കണം. ഓൺലൈൻ എക്സാം എഴുതുന്നതിനെ കുറിച്ച് ഇൻറർനെറ്റിൽനിന്ന് മനസ്സിലാക്കാം. ഓൺലൈൻ എക്സാമുകൾ ട്രയൽ ചെയ്തു നോക്കുക. ഭയവും പരിഭ്രമവും ഇല്ലാതാക്കുക. എന്തിനെയും പോസറ്റിവായി കാണാൻ റെഡി ആയിരിക്കുക.
5. വ്യായാമം ശീലമാക്കുക
വീട്ടിൽതന്നെ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ ശീലമാക്കുക. ശരീരം ആക്ടിവായാൽ മാത്രമേ തലച്ചോറും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കൂ. വീട്ടുമുറ്റത്ത് വൈകീട്ട് വെറുതെ നടക്കാം, ശുദ്ധവായു ശ്വസിക്കാം, യോഗചെയ്യാം.
6. ഉറക്കത്തിെൻറ ശീലങ്ങൾ മാറ്റാതിരിക്കുക.
പാതിരാത്രി വരെ ഉറങ്ങാതിരിക്കുകയും വൈകി ഉണരുകയും ചെയ്യുന്നതാണ് ഇപ്പോൾ മിക്കവരുടെയും ശീലം. പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾ ഇത് ശീലമാക്കാതിരിക്കുക. രാത്രി 11ന് മുമ്പ് ഉറങ്ങുകയും രാവിലെ ആറ് മണിക്കോ 6.30 നോ മുമ്പ് എഴുന്നേൽക്കയും ചെയ്യുക. ദിവസവും ആറോ ഏഴോ മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
7. മൊബൈലിനോട് അകലം പാലിക്കാം
ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമയം കളയാൻ ടി.വിയും മൊബൈലുമാണ് മിക്കവരുടെയും ആശ്രയം. മൊബൈലിൽ ഗെയിം കളിച്ചും വിഡിയോ കണ്ടും നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്. പഠിക്കുന്ന കാര്യങ്ങൾ നോക്കാനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കൂട്ടുകാരുമായി സംസാരിക്കാനും മാത്രം മൊബൈൽ ഉപയോഗിക്കുക. പഠിക്കുന്ന സമയത്ത് മൊബൈൽ അടുത്ത് വെക്കരുത്. അത് നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്തും.
8. ആരോഗ്യം മുഖ്യം
ആരോഗ്യവും ശരീരത്തിെൻറ പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദേശങ്ങൾ പാലിക്കുക. പോഷകാഹാരങ്ങൾ കഴിച്ചും ധാരാളം വെള്ളം കുടിച്ചും ആരോഗ്യം മെച്ചപ്പെടുത്തുക. ആരോഗ്യമുണ്ടെങ്കിലേ പ്രതിരോധ ശേഷിയുണ്ടാകൂ. പരീക്ഷക്ക് പുറത്തുപോകുമ്പോഴും വരുമ്പോഴും ആരോഗ്യവകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുക.
9. വാർത്തകൾക്കും വേണം സമയം
ടി.വിയും മൊബൈലും തുറന്നാൽ കോവിഡിനെ ക്കുറിച്ചുള്ള വാർത്തകളാണ്. അത് നിരന്തരം കണ്ടും കേട്ടും വെറുതെ ടെൻഷനടിക്കരുത്. വാർത്തകൾ അത്യാവശ്യം മാത്രം കാണുക, വിവരങ്ങൾ അറിയുക. വാർത്തകൾ കാണാൻ പ്രത്യേക സമയം കണ്ടെത്തുക
10. ഭാവിയെ കുറിച്ചുള്ള ആശങ്ക
പരീക്ഷകളും പരീക്ഷഫലങ്ങളും താളം തെറ്റിയതോടെ തുടർപഠനത്തെകുറിച്ചും അഡ്മിഷനെ കുറിച്ചുമെല്ലാം മാതാപിതാക്കൾക്കും കുട്ടികൾക്കും ആശങ്കയുണ്ടാകും. കോവിഡ് ലോകത്തിൻെറ എല്ലാ ഭാഗത്തും സംഭവിച്ച മഹാമാരിയാണ്. അതുകൊണ്ട് അതുമൂലമുണ്ടാകുന്ന എന്തു തടസ്സങ്ങളും എവിടെ ചെന്ന് പറഞ്ഞാലും മനസ്സിലാകും. നമ്മൾ മാത്രമല്ല, നിങ്ങളുടെ പ്രായത്തിലുള്ള എല്ലാ കുട്ടികളും നേരിടുന്ന പ്രശ്നമാണിതെന്ന് മനസ്സിലാക്കുക. വെറുതെ ടെൻഷനടിച്ചിരിക്കരുത്. പരീക്ഷകൾ നടക്കട്ടെ. ഫലം വരട്ടെ. മാനസികമായി തയാറെടുക്കുക.
കടപ്പാട്: ഗംഗ കൈലാസ് (കൺസൾട്ടൻറ് സൈക്കോളജിസ്റ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.