തിരുവനന്തപുരം: അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് ആദ്യമായി ഒ.ബി.സി സംവരണം ഏർപ്പെടുത്തിയതുവഴി പിന്നാക്ക സമുദായങ്ങളിൽ നിന്ന് എം.ബി.ബി.എസിന് അലോട്ട്മെന്റ് ലഭിച്ചത് 1661 പേർക്ക്. രാജ്യത്തെ 271 മെഡിക്കൽ കോളജുകളിലാണ് 27 ശതമാനം ഒ.ബി.സി സംവരണം വഴി ഇത്രയും പിന്നാക്ക വിദ്യാർഥികൾക്ക് പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്താൻ മദ്രാസ് ഹൈകോടതി ഉത്തരവായതോടെയാണ് വർഷങ്ങളോളം നിഷേധിച്ച അവകാശം അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായത്. സംസ്ഥാനങ്ങളിലെ സർക്കാർ, സർക്കാർ നിയന്ത്രിത മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റാണ് അഖിലേന്ത്യ ക്വോട്ടയിലേക്ക് വിട്ടുനൽകുന്നത്. ഇതിൽ കഴിഞ്ഞ വർഷം വരെ ഒ.ബി.സി സംവരണം അനുവദിച്ചിരുന്നില്ല.
ഈ വർഷം മുതൽ മെഡിക്കൽ-ഡെന്റൽ യു.ജി, പി.ജി കോഴ്സുകളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനവും മുന്നാക്ക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്) 10 ശതമാനവും സീറ്റ് നീക്കിവെക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ആദ്യ അലോട്ട്മെന്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചപ്പോഴാണ് ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ള 1661 പേർക്ക് പ്രവേശനത്തിന് വഴിയൊരുങ്ങിയത്. കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നായി 234 എം.ബി.ബി.എസ് സീറ്റാണ് അഖിലേന്ത്യ ക്വോട്ടയിലേക്ക് നൽകിയത്. ഇതിൽ 63 സീറ്റ് ഒ.ബി.സി വിദ്യാർഥികൾക്ക് ലഭിച്ചു. 24 ഇ.ഡബ്ല്യു.എസ് വിഭാഗത്തിനും.
കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളിലും കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഒ.ബി.സി, എസ്.സി, എസ്.ടി സംവരണത്തിന് വ്യവസ്ഥയുണ്ട്. എസ്.സി, എസ്.ടി സംവരണം നേരത്തേ നടപ്പാക്കിയെങ്കിലും ഒ.ബി.സി സംവരണം നടപ്പാക്കിയിരുന്നില്ല. പിന്നീട്, എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒ.ബി.സി സംവരണം നടപ്പാക്കിയെങ്കിലും കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന അഖിലേന്ത്യ ക്വോട്ട സീറ്റ് പ്രവേശനത്തിൽ നടപ്പാക്കിയില്ല.
സംവരണം നടപ്പാക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പാക്കാതെ വന്നതോടെ ഹരജിക്കാർ കേന്ദ്രസർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തു. ഇതിൽ നോട്ടീസ് വന്നതോടെയാണ് സർക്കാർ തീരുമാനമെടുത്തത്. ഈ വർഷം മുതൽ മെഡിക്കൽ പി.ജി സീറ്റുകളിലും 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.