തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ഓപ്ഷൻ സമർപ്പണം ഞായറാഴ്ച രാവിലെ പത്തുവരെ ദീർഘിപ്പിച്ചു. ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ച കൊല്ലം മീയന്നൂർ അസീസിയ മെഡിക്കൽ കോളജും ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽതന്നെ ഈ സ്വാശ്രയ കോളജിലേക്കും ഓപ്ഷൻ സമർപ്പിക്കാം.
ഇതോടെ അലോട്ട്മെന്റ് നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളുടെ എണ്ണം 19 ആയി. 100 എം.ബി.ബി.എസ് സീറ്റാണ് അസീസിയ മെഡിക്കൽ കോളജിലുള്ളത്. 6,94,830 രൂപയാണ് ഈ കോളജിലെ താൽക്കാലിക വാർഷിക ഫീസ്. താൽക്കാലിക അലോട്ട്മെന്റിന് ശേഷം 26ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഒക്ടോബർ 28 മുതൽ നവംബർ നാലുവരെ നടക്കും. ആദ്യ രണ്ട് അലോട്ട്മെന്റുകളിലും പരിഗണിക്കുന്നത് ഇപ്പോൾ നൽകുന്ന ഓപ്ഷനുകളായിരിക്കും. അഖിലേന്ത്യ ക്വോട്ട കൗൺസലിങ് നടപടികളുടെ മാതൃകയിൽ സംസ്ഥാന ക്വോട്ട പ്രവേശനത്തിന് രണ്ടാം അലോട്ട്മെന്റിന് മുമ്പായി ഓപ്ഷൻ രജിസ്ട്രേഷൻ ഉണ്ടാകില്ല.
രണ്ടാം ഘട്ടത്തിൽ പുതിയ കോളജുകൾ ഉൾപ്പെടുത്തിയാൽ അവയിലേക്ക് മാത്രമേ ഓപ്ഷൻ സമർപ്പണം അനുവദിക്കുകയുള്ളൂ. അതിനാൽ അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളജുകൾ/ കോഴ്സുകൾ ആദ്യഘട്ടത്തിൽതന്നെ ഓപ്ഷനിൽ ഉൾപ്പെടുത്തണം. രണ്ടാം ഘട്ടത്തിൽ നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും മാത്രമേ അവസരമുണ്ടാവുകയുള്ളൂ.
മെഡിക്കൽ കൗൺസിൽ പുതുതായി അംഗീകാരം നൽകിയ ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലെ നൂറ് വീതം സീറ്റുകൾ ഉൾപ്പെടെ 12 സർക്കാർ മെഡിക്കൽ കോളജുകളിൽ 1755 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ഇതിൽ 1429 സീറ്റുകളാണ് സ്റ്റേറ്റ് ക്വോട്ടയിൽ അലോട്ട്മെന്റ് നടത്തുന്നത്. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 2400 എം.ബി.ബി.എസ് സീറ്റുകളുമുണ്ട്. സർക്കാർ അംഗീകരിച്ച സീറ്റ് മെട്രിക്സ് പ്രകാരം കമ്യൂണിറ്റി ക്വോട്ട, വാസസ്ഥലം പരിഗണിക്കാതെയുള്ള അഖിലേന്ത്യ ക്വോട്ട, എൻ.ആർ.ഐ ക്വോട്ട എന്നിവ കഴിഞ്ഞാൽ 985 സീറ്റുകളാണ് സ്വാശ്രയ കോളജുകളിൽ സംവരണം ഉൾപ്പെടെ പാലിച്ച് അലോട്ട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളായുള്ളത്.
വാസസ്ഥലം പരിഗണിക്കാതെയുള്ള 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിൽ 363 സീറ്റുകളാണുള്ളത്. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട കോളജുകളിലേക്ക് ഓപ്ഷൻ സമർപ്പിച്ചവരെ മെറിറ്റടിസ്ഥാനത്തിലാണ് പരിഗണിക്കുക. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ അപേക്ഷകരായുണ്ടെങ്കിൽ അവരെയും ഈ സീറ്റിലേക്ക് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.