കരസേനയിൽ അവിവാഹിതരായ പുരുഷ/വനിത എൻജിനീയറിങ് ബിരുദക്കാർക്കും സായുധസേനയിൽ മരിച്ച ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്കും പ്രീ-കമീഷനിങ് ട്രെയിനിങ് അക്കാദമി പരിശീലനത്തിലൂടെ ഷോർട്ട് സർവിസ് കമീഷൻ നേടി ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. 63ാമത് എസ്.എസ്.സി-ടെക് മെൻ, 34ാമത് എസ്.എസ്.സി ടെക് വിമൻ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പരിശീലനം. ആകെ 379 ഒഴിവുകൾ. എൻജിനീയറിങ് അനുബന്ധ സ്ട്രീമിൽ പുരുഷന്മാർക്ക് ലഭ്യമായ ഒഴിവുകൾ- സിവിൽ -75, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ.ടി -60, ഇലക്ട്രിക്കൽ -33, ഇലക്ട്രോണിക്സ് -64, മെക്കാനിക്കൽ -101, പ്ലാസ്റ്റിക് ടെക്, ഫുഡ്ടെക്, ബയോമെഡിക്കൽ, കെമിക്കൽ, മൈനിങ് അടക്കമുള്ള മറ്റ് സ്ട്രീമുകൾ -17.
എസ്.എസ്.സി ടെക് വനിതകൾക്ക് ലഭ്യമായ ഒഴിവുകൾ -സിവിൽ -7, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ.ടി -4, ഇലക്ട്രിക്കൽ -3, ഇലക്ട്രോണിക്സ് 6, മെക്കാനിക്കൽ -9, ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്ക് ടെക്നിക്കൽ വിഭാഗത്തിൽ ഒരൊഴിവും നോൺ ടെക്നിക്കൽ വിഭാഗത്തിൽ ഒരൊഴിവും ലഭിക്കും. നോൺ ടെക്നിക്കൽ സ്ട്രീമിലേക്ക് ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. Officer Entry Apply/Loginൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി ഫെബ്രുവരി 21 ഉച്ചക്കുശേഷം മൂന്നു മണിവരെ അപേക്ഷിക്കാം. ബിരുദം അവസാന വർഷക്കാരെയും വ്യവസ്ഥകൾക്കു വിധേയമായി പരിഗണിക്കും. പ്രായപരിധി 1.10.2024ൽ 20-27. മരിച്ച ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്ക് 35 വയസ്സുവരെയാകാം.
അഭിമുഖത്തിലൂടെയാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ചത്തെ പരിശീലനം ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ സൗജന്യമായി നൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കും. ഇതോടൊപ്പം ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പി.ജി ഡിപ്ലോമയും സമ്മാനിക്കും. പരിശീലനകാലം മാസം 56,100 രൂപ സ്റ്റൈപൻഡുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.