യു.പി.എസ്.സിയുടെ രണ്ടാമത് കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ സെപ്റ്റംബർ നാലിന്. എസ്.എസ്.സി വിമൻ (നോൺടെക്നിക്കൽ) കോഴ്സ് ഉൾപ്പെടെ വിജ്ഞാപനം http://upsc.gov.inൽ. അപേക്ഷ ഓൺലൈനായി http://upsconline.nic.inൽ ജൂൺ ഏഴ് വൈകീട്ട് ആറുവരെ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷാഫീസ് 200 രൂപ. വനിതകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും ഫീസില്ല. ഇനി പറയുന്ന കോഴ്സുകളിലാണ് പ്രവേശനം.
ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂണിൽ 2023 ജൂലൈയിൽ ആരംഭിക്കുന്ന 155ാമത് കോഴ്സ് (ഒഴിവുകൾ 100), ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമലയിൽ 2023 ജൂലൈയിൽ തുടങ്ങുന്ന എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജനറൽ സർവിസ്/ഹൈഡ്രോ) കോഴ്സ് (ഒഴിവുകൾ-22), എയർഫോഴ്സ് അക്കാദമി ഹൈദരാബാദിൽ പ്രീ-ട്രെയിനിങ് കോഴ്സ് (ഒഴിവുകൾ-32), ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈയിൽ 2023 ഒക്ടോബറിൽ ആരംഭിക്കുന്ന 118ാമത് എസ്.എസ്.സി മെൻ നോൺ ടെക്നിക്കൽ കോഴ്സ് (ഒഴിവുകൾ-169), ഒ.ടി.എ ചെന്നൈയിൽ ഒക്ടോബർ 23ന് തുടങ്ങുന്ന 32ാമത് എസ്.എസ് സി വിമൻ (നോൺ ടെക്നിക്കൽ) കോഴ്സ് (ഒഴിവുകൾ-16) എന്നിവയിലായി ആകെ 339 പേർക്കാണ് അവസരം.
യോഗ്യത: ഐ.എം.എ, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ പരിശീലനത്തിന് ബിരുദം മതി. ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് എൻജിനീയറിങ് ബിരുദം വേണം. എയർഫോഴ്സ് അക്കാദമിയിലേക്ക് ബിരുദം മതി. പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. എൻജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
ഐ.എം.എ, ഇന്ത്യൻ നേവൽ അക്കാദമി പരിശീലനത്തിന് അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 1999 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. എയർഫോഴ്സിലേക്ക് പ്രായപരിധി 20-24. കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വയസ്സുവരെയാകാം. 25 വയസ്സിന് താഴെയുള്ളവർ അവിവാഹിതരായിരിക്കണം.
ഒ.ടി.എ പരിശീലനത്തിന് അവിവാഹിതരായ വനിതകൾക്കാണ് അവസരം. 1998 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യു.പി.എസ്.സി പരീക്ഷ, എസ്.എസ്.ബി ഇന്റലിജൻസ് ആൻഡ് പേഴ്സനാലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി ലെഫ്റ്റനന്റ് പദവിയിൽ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.