പ്ലസ്ടുവിന് മാർക്ക് അൽപം കുറഞ്ഞതിനാൽ 19 കാരനായ സച്ചിന് ഇന്ത്യയിലെ ഉന്നത കോളജുകളിൽ പ്രവേശനം നേടാനായില്ല. തുടർന്ന് ബാങ്ക് വായ്പയുടെ സഹായത്തോടെ കച്ചവടക്കാരനായ പിതാവ് സച്ചിനായി സ്റ്റുഡന്റ് വിസ സംഘടിപ്പിച്ച് കാനഡയിലേക്ക് അയച്ചു. 20 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. വിദേശത്ത് സെറ്റിലാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സച്ചിൻ പറയുന്നു. കാനഡയിൽ രണ്ടുവർഷത്തെ ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയാൽ ദീർഘകാലത്തേക്ക് തൊഴിൽ വിസ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ.
ഇന്ത്യയിലെ മിഡിൽ ക്ലാസ് കുടുംബങ്ങളിലെ വിദ്യാർഥികൾ വളരെ മുമ്പേ തന്നെ വിദേശരാജ്യങ്ങളിൽ പഠിക്കാനായി പോകാറുണ്ട്. അപ്രാപ്യമായി കരുതിയിരുന്ന ഗ്രാമീണ മേഖലയിലെ വിദ്യാർഥികളും ഇപ്പോൾ വിദേശ പഠനമെന്ന സ്വപ്നസാക്ഷാത്കാരത്തിലാണ്. സച്ചിന്റെ രണ്ട് സുഹൃത്തുക്കളും കാനഡയിലാണ്. കോഴ്സ് ചെയ്യുന്നതിനൊപ്പം പാർട്-ടൈം ജോലി ചെയ്ത് കാശ് നേടാം എന്നതാണ് വിദേശത്ത് പഠിക്കാൻ പോകുന്നതിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇപ്രകാരം തന്റെ സുഹൃത്തുക്കൾ ഡിഗ്ലോമ കോഴ്സ് ചെയ്യുന്നതിനൊപ്പം തന്നെ ഒരു മാസം 918 ഡോളർ നേടുന്നതായി സച്ചിൻ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ, യു.എസ്,കാനഡ, ആസ്ട്രേലിയ, യു.കെ, അയർലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെത്തിയ വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ തന്നെ ഈ രാജ്യങ്ങളിലെത്തിയ വിദ്യാർഥികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. വെസ്റ്റേൺ ഓവർസീസ് പോലുള്ള കൺസൽട്ടൻസികൾ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കാൻ പരിശീലനവും നൽകുന്നു. ഏതു കോഴ്സ് തെരഞ്ഞെടുക്കണം, വിസ അപേക്ഷ നടപടികൾ എങ്ങനെയാണ്, യാത്ര, പാർട്-ടൈം ജോലി എന്നിവയെകുറിച്ചുള്ള സംശയങ്ങളും കൺസൽട്ടൻസികൾ ദുരീകരിക്കുന്നു.
ഏതാണ്ട് 76,000 ത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ സിഡ്നിയിൽ പഠിക്കുന്നുണ്ടെന്ന് ആസ്ട്രേലിയ യൂനിവേഴ്സിറ്റി സി.ഇ.ഒ കാട്രിയോണ ജാക്സൺ വ്യക്തമാക്കി. വിദേശ വിദ്യാഭ്യാസ മാർക്കറ്റ് 2024 ആകുന്നതോടെ വൻതോതിൽ വളർച്ച നേടുമെന്നാണ് റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ഭീമമായ ഫീസ് നിരക്കും പൊതുമേഖലയിൽ ജോലിസാധ്യത ഇടിഞ്ഞതുമാണ് പ്രധാനമായും വിദേശരാജ്യങ്ങളിൽ ഉന്നത പഠനത്തിന് ഇന്ത്യൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.