ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ നിന്ന് പിരിച്ചു വിട്ടിട്ടും വീട്ടുകാർക്ക് മുമ്പിൽ മെറ്റ ജീവനക്കാരൻ തന്നെയായി അഭിനയിച്ച് ഇന്ത്യക്കാരനായ അർപൻ തിവാരി. കുടുംബത്തോടൊപ്പം അവധി
ആഘോഷിക്കുന്നതിനിടെയാണ് മെറ്റയിൽ നിന്ന് പിരിച്ചുവിട്ട വിവരം അർപൻ അറിയുന്നത്. അക്കാര്യം കുടുംബാംഗങ്ങളോട് പങ്കുവെക്കാൻ അദ്ദേഹത്തിനായില്ല. കുടുംബാംഗങ്ങളെ അറിയിക്കാതെ മറ്റൊരു ജോലി ലഭിക്കും വരെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അർപൻ പറഞ്ഞു.
മെറ്റയിലെ 11000ഓളം പേരെ പിരിച്ചുവിട്ടതിൽ തിവാരിയും ഉൾപ്പെടുകയായിരുന്നു. മെറ്റ സിംഗപ്പൂരിലെ എച്ച്.ആർ വിഭാഗത്തിലായിരുന്നു തിവാരി ജോലി ചെയ്തിരുന്നത്. സിംഗപ്പൂരിന് പുറത്ത് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോഴാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി അറിയുന്നത്.
ജോലി നഷ്ടപ്പെട്ടതിന്റെ സമ്മർദ്ദം രക്ഷിതാക്കൾക്ക് കൂടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ജോലി കണ്ടെത്തിയ ശേഷമേ മെറ്റയിൽ നിന്ന് പിരിച്ചുവിട്ട വിവരം രക്ഷിതാക്കളെ അറിയിക്കുകയുള്ളൂവെന്നും തിവാരി മണി കൺട്രോളിനോട് പറഞ്ഞു.
ജോലി നഷ്ടപ്പെട്ടെന്ന വിവരം അറിയിച്ചാൽ പ്രായമായ മാതാപിതാക്കൾക്ക് കൂടുതൽ സമ്മർദ്ദമായിരിക്കും അതുണ്ടാക്കുക. അതിനാലാണ് അവരോട് പറയാതിരിക്കുന്നത്. അവരോട് ഇക്കാര്യം പറയാതെ ജീവിക്കുന്നത് തനിക്ക് മാനസിക സമ്മർദം വർധിപ്പിക്കുന്നതാണെന്നും തിവാരി പറയുന്നു.
എല്ലാദിവസവും അവരുടെ മുഖം കാണുക, അവരോട് സാധാരണപോലെ സംസാരിക്കുക, നിങ്ങൾ വ്യാജമായാണ് പെരുമാറുന്നത്. അതാണ് ഏറ്റവും വേദനാജനകമായ കാര്യം' അദ്ദേഹം പറഞ്ഞു.
തന്നെ കമ്പനിയിൽ നിന്ന് പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. പറഞ്ഞ ലക്ഷ്യത്തേക്കാൾ മികച്ച രീതിയിൽ ജോലി നിർവ്വഹിച്ചിട്ടുണ്ട്. പുറത്താക്കിയ പലരും നൽകിയ ലക്ഷ്യം പൂർത്തിയാക്കിയവരാണെന്നും തിവാരി കൂട്ടിച്ചേർത്തു.
അധിക ഇന്ത്യക്കാരും എച്ച്-1ബി, എൽ.ഐ വിസകളിലാണ് യു.എസിൽ കഴിയുന്നത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടവർ 60 ദിവസങ്ങൾക്കുള്ളിൽ മറ്റ് ജോലികൾ കണ്ടെത്തിയില്ലെങ്കിൽ വിസ റദ്ദാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.