സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) കേന്ദ്ര സർവിസുകളിൽ ഗ്രൂപ് ബി, സി തസ്തികകളിൽ നിയമനത്തിന് ഏപ്രിലിൽ നടത്തുന്ന കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷഫീസ് 100 രൂപ. SC/ST/PWD/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി ജനുവരി 23നകം.
കേന്ദ്ര സർക്കാറിന്‍റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി 36 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ അസിസ്റ്റന്‍റ് ഓഡിറ്റ്/അക്കൗണ്ട്സ് ഓഫിസർ, സെൻട്രൽ സെക്രട്ടേറിയറ്റ് സർവിസ്, ഇന്‍റലിജൻസ് ബ്യൂറോ, റെയിൽവേസ് മുതലായ സ്ഥാപനങ്ങളിൽ അസിസ്റ്റന്‍റ് സെക്ഷൻ ഓഫിസർ, വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്‍റ്; സി.ബി.ഐയിൽ സബ്ഇൻസ്പെക്ടർ, ഇൻകം ടാക്സ് ഇൻസ്പെക്ടർ; പ്രിവന്‍റിവ് ഓഫിസർ, ഇ.ഡിയിൽ അസിസ്റ്റന്‍റ് എൻഫോഴ്സ്മെന്റ് ഓഫിസർ, നാർകോട്ടിക്സ് ബ്യൂറോയിൽ ഇൻസ്പെക്ടർ; കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്‍റ്/സൂപ്രണ്ട്; NIAയിൽ സബ്ഇൻസ്പെക്ടർ, സി ആൻഡ് എ.ജിയിൽ ഓഡിറ്റർ/അക്കൗണ്ടന്‍റ്/ഡിവിഷനൽ അക്കൗണ്ടന്‍റ് മുതലായ തസ്തികകളിലേക്കാണ് നിയമനം. പതിനായിരത്തോളം ഒഴിവുകളുണ്ടാവും.
ചില തസ്തികകൾക്ക് യോഗ്യതയിൽ വ്യത്യാസമുണ്ട്. അസിസ്റ്റന്‍റ് ഓഡിറ്റ്/അക്കൗണ്ട്സ് ഓഫിസർ- CA/CMA/CS/MCom/MBA ഫിനാൻസ്/MBE യോഗ്യത അഭിലഷണീയം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്സിൽ ഓഫിസർ- പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 60 ശതമാനം മാർക്കുണ്ടാകണം. ബിരുദത്തിനു പുറമെയാണിത്. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദം. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ- സ്റ്റാറ്റിസ്റ്റിക്സ് ബിരുദം. നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അസിസ്റ്റന്‍റ് തസ്തികക്ക് നിയമ ബിരുദം അഭിലഷണീയം. റിസർച് അസിസ്റ്റന്‍റ് തസ്തികക്ക് ഒരു വർഷത്തെ ഗവേഷണ പരിചയവും നിയമ/ഹ്യൂമൻറൈറ്റ്സ് ബിരുദവും അഭിലഷണീയം. 1.1.2022ൽ പ്രായപരിധി 18-27/30/32. ചില തസ്തികകൾക്ക് 20-30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ ഏപ്രിലിൽ നടത്തും. പരീക്ഷഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം പരീക്ഷകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.