ഡൽഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും (CAPF) സബ് ഇൻസ്പെക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) അപേക്ഷകൾ ക്ഷണിച്ചു. 2023 ഒക്ടോബറിൽ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മത്സരപരീക്ഷയുടെയും കായികക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഭാരതപൗരന്മാർക്കാണ് അവസരം.
CAPFലെ സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) തസ്തിക ഗ്രൂപ് ‘ബ’ നോൺ ഗസറ്റഡ്/നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിലും ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടിവ്) തസ്തിക ഗ്രൂപ് സി വിഭാഗത്തിലും പെടും. ശമ്പളനിരക്ക് 35,400-1,12,400 രൂപ.
ആകെ 1876 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കുമായി ഒഴിവുകളെ വിഭജിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടിവ്) ഡൽഹി പൊലീസിൽ പുരുഷന്മാർക്ക് 109 ഒഴിവുകളും വനിതകൾക്ക് 53 ഒഴിവുകളും ലഭ്യമാണ്.
CAPFൽ വിവിധ വിഭാഗങ്ങളിലായി സബ് ഇൻസ്പെക്ടർ (ജിഡി) തസ്തികയിൽ ലഭ്യമായ ഒഴിവുകൾ ചുവടെ:
ബി.എസ്.എഫ്-പുരുഷന്മാർ 107, വനിതകൾ 6; സി.ഐ.എസ്.എഫ്-പുരുഷന്മാർ 567, വനിതകൾ 63; സി.ആർ.പി.എഫ്-പുരുഷന്മാർ 788, വനിതകൾ 30; ഐ.ടി.ബി.പി-പുരുഷന്മാർ 54, വനിതകൾ 9; എസ്.എസ്.ബി-പുരുഷന്മാർ 85, വനിതകൾ 5. പട്ടികജാതി-വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യൂ.എസ്, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. 15.08.2023നകം യോഗ്യത നേടിയിരിക്കണം. പ്രായപരിധി 20-25. 2.8.1999ന് മുമ്പോ 1.8.2003ന് ശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗങ്ങളിൽ പെട്ടവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം കഴിക്കാത്തവർക്കും 35 വയസ്സുവരെയാകാം. ഡിപാർട്ട്മെന്റൽ ജീവനക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാഫീസ് 100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 15വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റുകളുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂരും ലക്ഷദ്വീപിൽ കവരത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.