അവിവാഹിതരായ പുരുഷന്മാർക്ക് കരസേനയിൽ 10+2 ടെക്നിക്കൽ എൻട്രി സ്കീമിലൂടെ 2024 ജനുവരിയിൽ ആരംഭിക്കുന്ന 50ാമത് കോഴ്സിൽ പരിശീലനം നേടി സ്ഥിരം കമീഷൻഡ് ഓഫിസറാകാം. 2023 ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിട്ടുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.
പ്രായപരിധി പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേയാവണം. 2004 ജൂലൈ രണ്ടിനു മുമ്പോ 2007 ജൂലൈ ഒന്നിനു ശേഷമേ ജനിച്ചവരാകരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വൈകല്യം പാടില്ല. വിജ്ഞാപനം www.joinindianarmy.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
മെറിറ്റടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) മുമ്പാകെ ആഗസ്റ്റ്/സെപ്റ്റംബറിൽ ഇന്റർവ്യൂവിന് ക്ഷണിക്കും. ബംഗളൂരു, അലഹാബാദ്, ഭോപാൽ, ജലന്ധർ എന്നിവിടങ്ങളിലായി അഞ്ചു ദിവസത്തോളം നീളുന്ന ഇന്റർവ്യൂവിൽ സൈക്കോളജിക്കൽ ടെസ്റ്റും ഗ്രൂപ് ടെസ്റ്റും ഉണ്ടാവും.
രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ. എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് തിരഞ്ഞെടുപ്പ്. ആകെ 90 ഒഴിവുകളാണുള്ളത്. അഞ്ചു വർഷത്തെ പരിശീലനം നൽകും. ആദ്യവർഷം ഓഫിസർ ട്രെയ്നിങ് അക്കാദമി ഗയയിൽ അടിസ്ഥാന മിലിട്ടറി പരിശീലനം.
തുടർന്ന് പുണെയിലും സെക്കന്തരാബാദിലും മറ്റുമായി നാലു വർഷത്തെ സാങ്കേതിക പരിശീലനമാണ്. വിജയകരമായി പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ജെ.എൻ.യു എൻജിനീയറിങ് ബിരുദം സമ്മാനിക്കും. അതോടൊപ്പം ലെഫ്റ്റനന്റ് പദവിയിൽ കമീഷൻഡ് ഓഫിസറായി സ്ഥിരം നിയമനവും ലഭിക്കും (ശമ്പളനിരക്ക് 56100-1,77,500 രൂപ). പരിശീലന ചെലവുകൾ സർക്കാർ വഹിക്കും.
പരിശീലനകാലം പ്രതിമാസം 55,100 രൂപ സ്റ്റൈപന്റുണ്ട്. ശമ്പളത്തിനു പുറമെ റിക്സ് അലവൻസ്, ക്ഷാമബത്ത, കിറ്റ് മെയിന്റനൻസ് അലവൻസ്, യൂനിഫോം, യാത്രബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.