തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍ ലഹരി ഉപയോഗിച്ച സംഭവത്തില്‍ ജീവനക്കാരന് സസ്പെന്ഷന്. കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വിഭാഗത്തിലെ ഓഫിസ് അറ്റന്‍ഡന്റ് സുമേഷിനെയാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് തിങ്കളാഴ്ച സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
ഇദ്ദേഹം ക്വാര്‍ട്ടേഴ്സ് ഉപയോഗിക്കുന്നതില്‍ കാണിച്ച അനാസ്ഥയും ഉത്തരവാദിത്തക്കുറവുമാണ് നടപടിക്കിടയാക്കിയത്. വിഷയത്തില്‍ അന്വേഷണ സമിതി രൂപവത്കരിച്ച് തുടര്‍നടപടികളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാല സുമേഷിനാണ് ക്വാര്‍ട്ടേഴ്സ് അനുവദിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പിറ്റേ ദിവസംതന്നെ ക്വാര്‍ട്ടേഴ്സ് തിരിച്ചെടുത്തിരുന്നു.
എൻജിനീയറിങ് വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് ക്വാര്‍ട്ടേഴ്സില്‍ ലഹരി ഉപയോഗിച്ചത്. ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പുതന്നെ താല്‍ക്കാലിക ജീവനക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് മോഷണങ്ങള്‍ ആവര്‍ത്തിച്ചതോടെ കാമ്പസില്‍ സുരക്ഷജീവനക്കാര്‍ പരിശോധന ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.