തിരുവനന്തപുരം: തെരഞ്ഞെടുത്ത പാഠഭാഗങ്ങൾക്ക് ഊന്നൽ നൽകിയുള്ള ഫോക്കസ് ഏരിയ പരീക്ഷ സമ്പ്രദായം പൂർണമായും പിൻവലിച്ച് ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചപ്പോൾ എസ്.എസ്.എൽ.സി പരീക്ഷ വിജയം റെക്കോഡ് മറികടന്നു. ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിലും ഇത്തവണ റെക്കോഡുണ്ട്.
കോവിഡ് വ്യാപനത്തെതുടർന്ന് 2021ലും 2022ലുമാണ് ഫോക്കസ് ഏരിയ സമ്പ്രദായത്തിൽ പരീക്ഷ നടത്തിയത്. ഇതിൽ മൂല്യനിർണയംപോലും ഉദാരമാക്കിയ 2021ലാണ് എസ്.എസ്.എൽ.സി പരീക്ഷയിലെ നിലവിലുണ്ടായിരുന്ന റെക്കോഡ് വിജയം (99.47 ശതമാനം). ഇതാണ് ഇത്തവണ 99.70 ശതമാനമായി ഉയർന്നത്.
1,38,086 പേർക്കാണ് ഇത്തവണ ഗ്രേസ് മാർക്ക് നൽകിയത്. എസ്.എസ്.എൽ.സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ഗ്രേസ് മാർക്ക് നൽകിയത് 2020ൽ ആയിരുന്നു. 113638 പേർക്ക്. ഇത് ഇത്തവണ ഉയരുകയായിരുന്നു. അർഹതയുള്ളവർക്ക് ഗ്രേഡ് നേട്ടത്തിന് പുറമെ ജയിക്കാനും ഗ്രേസ് മാർക്ക് നൽകുന്നതാണ് നിലവിലുള്ള രീതി. 1.38 ലക്ഷം പേർ ഗ്രേസ് മാർക്കിന് അർഹത നേടിയതോടെ വിജയശതമാനവും റെക്കോഡിലെത്തുകയായിരുന്നു.
2021ൽ 40 ശതമാനം പാഠഭാഗങ്ങൾ പഠിച്ചാൽ ഫുൾ എ പ്ലസ് നേടാൻ കഴിയുന്ന രീതിയിലാണ് ചോദ്യപേപ്പർ തയാറാക്കിയതെങ്കിൽ 2022ൽ ഫോക്കസ് ഏരിയ 60 ശതമാനമാക്കുകയും ഇതിൽനിന്നുള്ള ചോദ്യങ്ങൾ 70 ശതമാനം മാർക്കിനുള്ളതാക്കി പരിമിതപ്പെടുത്തുകയും ചെയ്തു.
ശേഷിക്കുന്ന 30 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുമാക്കി. ഇതോടെ 2022ൽ വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും കുറവുണ്ടായി. ഫോക്കസ് ഏരിയ സമ്പ്രദായും പൂർണമായും എടുത്തുകളഞ്ഞ ഇത്തവണ പക്ഷേ 2021ലും 2022ലും നൽകാതിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചതോടെ ഫലത്തിൽ വൻ കുതിപ്പുണ്ടായി.
ഇത്തവണ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 68,604 പേരിൽ 21361 പേർക്കും ഗ്രേസ് മാർക്ക് വഴിയാണ് ഈ നേട്ടത്തിലെത്താൻ സാധിച്ചത്. എ പ്ലസുകാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചത് പ്ലസ് വൺ പ്രവേശനത്തിൽ സമ്മർദം വർധിപ്പിക്കും. കഴിഞ്ഞ വർഷം 44363 പേർക്കായിരുന്നു എ പ്ലസ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.