തൊടുപുഴ: കത്തിക്കാളുന്ന ചൂടിനൊപ്പം പരീക്ഷച്ചൂടിനെക്കൂടി നേരിടുകയാണ് വിദ്യാർഥികളും സ്കൂളുകളും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷകൾക്ക് തുടക്കമായിട്ടുണ്ട്. മാർച്ച് നാല് മുതൽ 25 വരെയാണ് എസ്.എസ്.എൽ.സി പൊതുപരീക്ഷ. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ചിരുന്നു. ഹയർസെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും.
എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷയും മാർച്ച് ഒന്നിന് ആരംഭിക്കും. ഇതിനു പിന്നാലെ എൽ.പി, യു.പി വിഭാഗം പരീക്ഷകളും കൂടി ആരംഭിക്കുന്നതോടെ സ്കൂളുകൾ പൂർണമായും പരീക്ഷാച്ചൂടിലാകും. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള തയാറെടുപ്പിലാണ് കുട്ടികൾ. ഇവർക്ക് പൂർണ പ്രോത്സാഹനവും സഹായവുമായി അധ്യാപകരും കൂടെയുണ്ട്.
ജില്ലയിൽ ഇത്തവണ 11,562 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 6064 ആൺകുട്ടികളും 5498 പെൺകുട്ടികളും. സർക്കാർ സ്കൂളുകളിൽ കല്ലാർ ജി.എച്ച്.എസിലാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് – 354 പേർ. എയ്ഡഡ് വിഭാഗത്തിൽ കരിമണ്ണൂർ എസ്.ജെ എച്ച്.എസ്.എസിലാണ് കൂടുതൽ പേർ പരീക്ഷയെഴുതുന്നത് –378 പേർ. സർക്കാർ സ്കൂളുകളിൽ എഴുകുംവയൽ ജി.എച്ച്.എസിലാണ് കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്.രണ്ടുപേർ മാത്രം. കഴിഞ്ഞവർഷം ജില്ലയിൽ 11,320 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 99.68 ശതമാനമായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.