മലപ്പുറം: ജില്ലയിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങളുടെ പട്ടിക തേടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്. മാർച്ച് അവസാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർമാരുടെ യോഗത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങളുടെ പട്ടിക തേടിയത്.
സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് ആവശ്യമായ ഭൂമിയും കെട്ടിടവും ഒരുക്കുന്നതിന് മുന്നോടിയായാണ് ജില്ല വിദ്യാഭ്യാസ ഡയറക്ടർ കെ.പി. രമേഷ് കുമാറിൽനിന്ന് വിശദ വിവരങ്ങളുടെ പട്ടിക ആവശ്യപ്പെട്ടത്. പട്ടിക പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തി വിദ്യാലയങ്ങളുടെ വികസനത്തിന് ആവശ്യമായ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കും. സർക്കാർ ഫണ്ട് മുഖേനയോ മറ്റു ഫണ്ടുകൾ കണ്ടെത്തിയോ സർക്കാർ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ഇതുവഴി പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യംവെക്കുന്നത്.
ജില്ലയിൽ നിലവിലെ പട്ടിക പ്രകാരം 14 വിദ്യാലയങ്ങളാണ് സ്വന്തമായി കെട്ടിടമോ സൗകര്യമോ ഇല്ലാതെ വാടകക്ക് പ്രവർത്തിക്കുന്നത്. ഒരു ഹൈസ്കൂളും രണ്ട് യു.പി സ്കൂളും 11 എൽ.പി സ്കൂളുമാണ് പട്ടികയിലുള്ളത്. 20 വർഷം മുതൽ സ്ഥലസൗകര്യമില്ലാത്ത വിദ്യാലയങ്ങളുണ്ട് ഈ പട്ടികയിൽ. വിവിധ കാരണങ്ങളുടെ പേരിലാണ് ഇപ്പോഴും സ്വന്തമായി കെട്ടിടങ്ങൾ ലഭിക്കാതെ കിടക്കുന്നത്.
പട്ടിക പ്രകാരം പൊന്മുണ്ടം ജി.എച്ച്.എസ്.എസ്, തൃക്കുളം ജി.ഡബ്ല്യൂ.യു.പി.എസ്, കണ്ണമംഗലം ജി.എം.യു.പി.എസ്, ചേറൂർ ജി.എം.എൽ.പി.എസ്, മമ്പുറം ജി.എം.എൽ.പി.എസ്, ചെറുകുന്ന് ജി.എം.എൽ.പി.എസ്, നെടിയിരുപ്പ് ജി.എം.എൽ.പി.എസ്, മേൽമുറി ജി.എം.എൽ.പി.എസ്, കോൽമണ്ണ ജി.എം.എൽ.പി.എസ്, അരീക്കോട് ജി.എം.എൽ.പി.എസ്, മീനാർകുഴി ജി.എൽ.പി.എസ്, വെന്നിയൂർ ജി.എൽ.പി.എസ്, വെളിമുക്ക് ജി.എം.എൽ.പി.എസ്, മുക്കട്ട ജി.എം.എൽ.പി.എസ് എന്നിവയാണ് സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ.
പട്ടികയിൽ ഉൾപ്പെട്ട 14 സർക്കാർ വിദ്യാലയങ്ങളിൽ ചിലതിന് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് സ്ഥലം കണ്ടെത്തി അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൊന്മുണ്ടം ജി.എച്ച്.എസ്.എസിന് കെട്ടിട നിർമാണത്തിനായി 2011-12 വർഷത്തിൽ 15 ലക്ഷം രൂപ ചെലവിൽ 1.07 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നീണ്ടുപോകുകയായിരുന്നു. ഇപ്പോൾ സർക്കാറിന്റെയും ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും സംയുക്ത ഫണ്ടിൽനിന്ന് അഞ്ച് നില കെട്ടിടത്തിനായി 20 കോടി രൂപ പാസായിട്ടുണ്ട്. പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കി വരികയാണ്.
മീനാർകുഴി ജി.എൽ.പി.എസിന് പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തി നിർമാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തി വിദ്യാലയത്തിന് വിട്ടുനൽകിയ ഭൂമിയിൽ ഗ്രാമപഞ്ചായത്ത് ഫണ്ടും എം.എൽ.എ ഫണ്ടും ചേർത്ത് വിനിയോഗിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മേൽമുറി ജി.എം.എൽ.പി.എസിന് 20.7 സെന്റ് ഭൂമി കണ്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
മലപ്പുറം: സർക്കാർ വിദ്യാലയങ്ങൾക്ക് ഭൂമി കണ്ടെത്തി കെട്ടിടം സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയറക്ടറേറ്റിൽനിന്ന് പട്ടിക ആവശ്യപ്പെട്ടത്. പട്ടികയിൽ പരിശോധന നടത്തി തുടർനടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ഫണ്ട് അനുവദിക്കുകയാണെങ്കിൽ വിദ്യാലയങ്ങൾക്ക് ഏറെ ഗുണകരമാകുമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.