മെഡിക്കല്‍ പ്രവേശം: മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റ് അപേക്ഷ ഒമ്പതുവരെ നീട്ടി

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ജസ്റ്റിസ് ജയിംസ് കമ്മിറ്റി ദീര്‍ഘിപ്പിച്ചു. സെപ്റ്റംബര്‍ ഒമ്പതുവരെയാണ് പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം അപേക്ഷിക്കാനുള്ള അവസാന തീയതി. കോളജുകള്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്നാണ് കമ്മിറ്റിയുടെ തീരുമാനം. ഡെന്‍റല്‍ കോളജുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയും മാനേജ്മെന്‍റുകളുടെ ആവശ്യപ്രകാരം ഒമ്പതുവരെ നീട്ടിയിട്ടുണ്ട്.  

സെപ്റ്റംബര്‍ ആറുവരെ അപേക്ഷിക്കാനായിരുന്നു നേരത്തേ സമയം അനുവദിച്ചത്. എന്നാല്‍, മിക്ക കോളജുകളും ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ അപേക്ഷിക്കാനുള്ള സൗകര്യം അവസാനിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12  വരെ അപേക്ഷിക്കാന്‍ സമയം അനുവദിക്കണമെന്നിരിക്കെയായിരുന്നു കോളജുകളുടെ നടപടി. അപേക്ഷാസമയത്ത് പല കോളജുകളുടെയും വെബ്സൈറ്റുകള്‍ പണിമുടക്കിയതും പ്രശ്നമായിരുന്നു. ജയിംസ് കമ്മിറ്റിയുടെ പരിശോധനയില്‍ ബോധപൂര്‍വം വെബ്സൈറ്റുകള്‍ തകരാറിലാക്കുകയായിരുന്നെന്ന് വ്യക്തമായി. ഇതിനത്തെുടര്‍ന്ന് കോളജുകള്‍ക്ക് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. നിശ്ചിത സമയത്ത് അപേക്ഷ സമര്‍പ്പിക്കുന്നതിന് കോളജുകളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കമ്മിറ്റി യോഗം വിലയിരുത്തി. ഇതിനത്തെുടര്‍ന്നാണ് പ്രവേശ ഷെഡ്യൂള്‍ മാറ്റാന്‍ തീരുമാനിച്ചത്.

എറണാകുളം ശ്രീനാരായണ കോളജിന്‍െറ വെബ്സൈറ്റ് കമ്മിറ്റി ചൊവ്വാഴ്ച പരിശോധിച്ചപ്പോള്‍ എം.ബി.ബി.എസ് അപേക്ഷാ സമര്‍പ്പണം വൈകാതെ തുടങ്ങുമെന്ന അറിയിപ്പാണ് കണ്ടത്. ഒരു സ്വാശ്രയ കോളജ് ഇതുവരെയും പ്രോസ്പെക്ടസ് അംഗീകാരത്തിനായി കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടില്ല. അപേക്ഷാ സമര്‍പ്പണത്തിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് ചില കോളജ് പ്രിന്‍സിപ്പല്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം സെപ്റ്റംബര്‍ ഒമ്പതിന് അര്‍ധരാത്രി വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ വിവരങ്ങള്‍ 10ന് കോളജുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

അപാകതകളുണ്ടെങ്കില്‍ 11നകം അറിയിക്കണം. യോഗ്യരായ അപേക്ഷകരുടെ പട്ടിക 13ന് പ്രസിദ്ധീകരിക്കണം. അന്നുതന്നെ പട്ടിക ജയിംസ് കമ്മിറ്റിക്ക് കൈമാറണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് ഡി.ഡി സഹിതം കോളജില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയും 13 ആണ്. ആദ്യ ഘട്ട കൗണ്‍സലിങ്/ പ്രവേശം സെപ്റ്റംബര്‍ 20ന് നടത്തണം. രണ്ടാം ഘട്ട കൗണ്‍സലിങ്/ പ്രവേശം 27നകം പൂര്‍ത്തിയാക്കണം. ഒഴിവുണ്ടാകുന്ന സീറ്റുകള്‍ 30നകം നികത്തണം.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളജുകളിലെ പ്രവേശ നടപടികള്‍ അംഗീകരിക്കില്ളെന്നും കമ്മിറ്റി വ്യക്തമാക്കി. ഈ കോളജുകളില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കേണ്ടതില്ളെന്ന് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.