തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനത്തിനുള്ള സർക്കാറിന്റെ മൂന്ന് അലോട്ട്മെന്റും പൂർത്തിയായപ്പോൾ 10 വിദ്യാർഥികളെപ്പോലും ലഭിക്കാതെ 30 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകൾ. ഇതിൽ 14 കോളജുകളിലേക്ക് അലോട്ട്മെന്റ് നേടിയ കുട്ടികളുടെ എണ്ണം അഞ്ചിൽ താഴെയാണ്. മൂന്ന് കോളജുകളിലേക്ക് ഒരു വിദ്യാർഥി പോലും അലോട്ട്മെന്റ് നേടിയിട്ടില്ല. 25ൽ താഴെ വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകൾ 40 എണ്ണമുണ്ട്. 50ൽ താഴെ വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച 60 സ്വകാര്യ കോളജുകളാണുള്ളത്. നൂറിൽ കൂടുതൽ വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച സ്വകാര്യ സ്വാശ്രയ കോളജുകൾ 19 എണ്ണമാണ്.
കൂടുതൽ വിദ്യാർഥികൾ അലോട്ട്മെന്റ് നേടിയത് സർക്കാർ മേഖലയിലുള്ള തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലാണ് -757. രണ്ടാം സ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജാണ് -701. മാനേജ്മെൻറ് ക്വോട്ട പ്രവേശനം കൂടി ചേരുന്നതോടെ കൂടുതൽ പേർ പ്രവേശനം നേടുന്ന കോളജായി ടി.കെ.എം മാറും. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലേക്ക് അലോട്ട്മെന്റ് നേടിയത് 689 പേരാണ്. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിലേക്ക് 598ഉം കോതമംഗലം മാർ അത്തനേഷ്യസ് കോളജിലേക്ക് 593ഉം പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. രണ്ടു കോളജുകളിലും മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്കും പ്രവേശനം നടക്കും. സ്വാശ്രയ മേഖലയിൽ കൂടുതൽ വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ചത് കാക്കനാട് രാജഗിരി കോളജിലേക്കാണ് -403.
മാനേജ്മെന്റ് ക്വോട്ടയിൽ വിദ്യാർഥികളെ ലഭിച്ചില്ലെങ്കിൽ 50ൽ താഴെ വിദ്യാർഥികളുള്ള കോളജുകളുടെ മുന്നോട്ടുപോക്ക് ബുദ്ധിമുട്ടാകും. 25ൽ താഴെ കുട്ടികളുള്ള കോളജുകളുടെ കാര്യത്തിൽ പ്രത്യേക പരിശോധന നടത്തുമെന്നാണ് സാങ്കേതിക സർവകലാശാല അറിയിച്ചിരുന്നത്. സർക്കാറിന് കീഴിലുള്ള ഐ.എച്ച്.ആർ.ഡിയുടെ കൊട്ടാരക്കര കോളജിലേക്ക് അലോട്ട്മെന്റ് നേടിയത് 89 വിദ്യാർഥികളാണ്. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷന്‍ (കേപ്) കീഴിലുള്ള പത്തനാപുരം, ആറന്മുള കോളജുകളിലേക്ക് നൂറിൽ താഴെ വിദ്യാർഥികളാണ് അലോട്ട്മെന്റ് നേടിയത്. മൂന്ന് അലോട്ട്മെന്റിനുശേഷവും ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് കുട്ടികളെ കണ്ടെത്താൻ സർക്കാർ നിശ്ചയിച്ച ഫീസിലും കുറവുവരുത്തി ഓഫറുമായി കോളജുകൾ രംഗത്തുണ്ട്.
തിരുവനന്തപുരം: കേരള എൻജിനീയറിങ് റാങ്ക് പട്ടികയിലെ ആദ്യ 100 റാങ്കുകാരിൽ ആരും കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടിയില്ല. 117ാം റാങ്കുള്ളയാളാണ് പ്രവേശനം നേടിയവരിൽ ഉയർന്ന റാങ്കുള്ള വിദ്യാർഥി. ആദ്യ 1000 റാങ്കുകാരിൽ 223 പേരും 2000ൽ 563 പേരുമാണ് കേരളത്തിൽ പ്രവേശനം നേടിയത്. ആദ്യ 10000 റാങ്കുകാരിൽ 3840പേരും 20,000ൽ 7830 പേരുമാണ് പ്രവേശനത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.