തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2015 ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയിലെ നാലാം ബി.ടെക് ബാച്ചാണിത്. 2018 ആഗസ്റ്റ് 1 നാണ് വിദ്യാർഥി പ്രവേശനം പൂർത്തിയാക്കി ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചത്.
എട്ടാം സെമസ്റ്റർ പരീക്ഷകൾക്കൊപ്പം ഏഴും ആറും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയവും പൂർത്തിയാക്കികൊണ്ടാണ് കോഴ്‌സ് കാലാവധിയായ നാല് വർഷത്തിനകം തന്നെ, ബി.ടെക് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
24 വിവിധ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലായി 28328 വിദ്യാർഥികളാണ് 2018 ൽ ഒന്നാം സെമെസ്റ്ററിൽ ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ 144 എഞ്ചിനീയറിംഗ് കോളജുകളിലായി 25851 വിദ്യാർത്ഥികളാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. എട്ട് സെമെസ്റ്ററുകൾക്കിടെ 2477 വിദ്യാർഥികൾ താഴ്ന്ന സെമെസ്റ്ററുകളിലേക്ക് മാറ്റപ്പെടുകയോ മറ്റ് കോഴ്സുകളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പരീക്ഷയെഴുതിയ 25808 വിദ്യാർഥികളിൽ 13025 വിദ്യാർത്ഥികൾ വിജയിച്ചു; വിജയശതമാനം 50.47.
2019, 2020, 2021 വർഷങ്ങളിൽ യഥാക്രമം 36.5, 46.5, 51.86 ശതമാനമായിരുന്നു വിജയം. ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളജുകളുടെ വിജയശതമാനം യഥാക്രമം 65.18, 69.34, 53.87, 44.40 ആണ്.
പ്രധാന ബ്രാഞ്ചുകളിൽ കമ്പ്യൂട്ടർ സയൻസിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം 50.39. പ്രധാന ശാഖകളായ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ യഥാക്രമം 49.09, 38.83, 50.01, 36.55 ആണ് വിജയശതമാനം. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 9828 പേരിൽ 6398 പേരും വിജയിച്ചു; ശതമാനം 65.13.
എന്നാൽ പരീക്ഷയെഴുതിയ 15980 ആൺകുട്ടികളുടെ വിജയശതമാനം 41.55 മാത്രം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ 984 വിദ്യാർത്ഥികളിൽ 242 പേരും (24.59%) ലാറ്ററൽ എൻട്രി വിഭാഗത്തിലെ 1795 വിദ്യാർത്ഥികളിൽ 787 പേരും (43.94%) വിജയികളായി. സർവകലാശാലയുടെ കീഴിലുള്ള എൻ.ബി.എ. അക്രെഡിറ്റേഷൻ ലഭിച്ച കോളേജുകളിൽ നിന്നും പരീക്ഷയെഴുതിയ 9250 വിദ്യാർഥികളിൽ 5533 പേർ വിജയിച്ചു. വിജയശതമാനം 59.85. ഇത് സംസ്ഥാന ശരാശരിയേക്കാൾ 9.37 % കൂടുതലാണ്.
എട്ട് സെമെസ്റ്ററുകളിലായി 182 ക്രെഡിറ്റുകൾ നേടുന്നവർക്കാണ് ബി.ടെക് ബിരുദം ലഭിക്കുന്നത്. എന്നാൽ നാലാം സെമെസ്റ്റർവരെ എട്ടിനുമുകളിൽ ഗ്രേഡ് ലഭിക്കുകയും, രണ്ട് ഓൺലൈൻ കോഴ്സുകൾ ഉൾപ്പടെ നാല് വിഷയങ്ങൾ അധികമായി പഠിച്ച് 12 ക്രെഡിറ്റുകൾ കൂടി നേടുന്ന വിദ്യാർഥികൾക്കാണ് ബിടെക് ഹോണേഴ്സ് ബിരുദം ലഭിക്കുന്നത്. ഇത്തവണ വിജയിച്ച 13025 പേരിൽ 1321 വിദ്യാർഥികൾ ബി.ടെക് ഹോണഴ്സ് ബിരുദത്തിന് അർഹരായി. ഏറ്റവും കൂടുതൽ ബിടെക് ഹോണഴ്സ് ബിരുദം നേടിയ കോളജുകൾ : കോതമംഗലം എം.എ. കോളജ് (89), പാലക്കാട് എൻ.എസ്.എസ്. (85), കോട്ടയം സെയിന്റ് ഗിറ്റ്സ് (77).
തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥികളായ കാതെറിൻ സെബാസ്റ്റ്യനും, ആർ.എസ്.അരവിന്ദും ഏറ്റവും ഉയർന്ന ഗ്രെയ്‌ഡുകളായ 9.98, 9.97 ഉം നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി. കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ് കോളജിലെ സിവിൽ വിദ്യാർഥിനി എസ്. ശ്രീലക്ഷ്‌മിയും, പാലക്കാട് എൻ.എസ്.എസ്. കോളജിലെ കംപ്യൂട്ടർ സയൻസിലെ സ്നേഹയും 9.95 ഗ്രേഡ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജ്, തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളജ്, തിരുവനന്തപുരം ബാർട്ടൻഹിൽ കോളജ് എന്നിവരാണ് വിജയശതമാനത്തിൽ മുന്നിൽ. വിജയശതമാനം യഥാക്രമം: 82.43, 80.00, 79.64.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ കോളേജുകളായ കൊല്ലം ടി.കെ.എം (798), എറണാകുളം രാജഗിരി (691), തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് (683) എന്നിവയ്ക്ക് 64.66, 70.48, 82.43 വീതം വിജയശതമാനമുണ്ട്.
വിജയശതമാനത്തിനപ്പുറം, വിദ്യാർഥികളുടെ പഠനമികവിനെ ആധാരമാക്കിയുള്ള അക്കാഡമിക് പെർഫോമൻസ് ഇൻഡക്സും നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻറെ മാതൃകയിൽ കണക്കാക്കിയിട്ടുണ്ട്. ഓരോ കോളജുകളിലെയും വിജയിച്ച വിദ്യാർഥികളുടെ ശരാശരി ഗ്രേഡിൻറെയും വിജയശതമാനത്തിന്റെയും ഗുണന ഫലമാണിത്.
കോളജ് ഓഫ് എഞ്ചിനീയറിങ്, തിരുവനന്തപുരം (7.16), എഞ്ചിനീയറിങ് കോളജ് ബാർട്ടൻഹിൽ (6.78) ,തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളജ് (6.69), എന്നിവയാണ് ഏറ്റവും ഉയർന്ന അക്കാദമിക് പെർഫോമൻസ് ഇൻഡക്സ് ലഭിച്ച കോളജുകൾ.
വിജയികളായ വിദ്യാർഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും പരീക്ഷാഫലപ്രഖ്യാപനത്തോടൊപ്പം തന്നെ ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കോൺട്രോളറുടെ ഇ-ഒപ്പോടെ വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമായി കഴിഞ്ഞു. വിദ്യാർഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സെർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാം.
ബിരുദ സെർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇന്നുമുതൽ തന്നെ സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സെർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിൽ ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് ഡിജിലോക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.