ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി നാശം വിതക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് ഇക്കാലങ്ങളിൽ ലഭ്യമായതെന്ന് പഠനം.
മഹാമാരിയെ തുടർന്ന് സ്കൂളുകളും കോളജുകളും അടച്ചിട്ടതാണ് ഓൺലൈൻ വിദ്യാഭ്യാസം തുടരാൻ കാരണം. എന്നാൽ ഒരു വിഭാഗം വിദ്യാർഥികൾക്ക് പേടി സ്വപ്നമായിരുന്നു ഓൺലൈൻ വിദ്യഭ്യാസമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
രാജ്യത്തെ 60 ശതമാനം വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലെന്ന് അസിം പ്രേംജി ഫൗണ്ടേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. നഗരങ്ങളിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികളും ഇന്‍റർനെറ്റ് സിഗ്നൽ, വേഗത പ്രശ്നങ്ങളിൽ ബുദ്ധിമുട്ടിയതായി ഓക്സ്ഫാം ഇന്ത്യ പറയുന്നു. കൂടാതെ മൊബൈൽ ഡേറ്റ നിരക്കുകളുടെ വർധനയും തിരിച്ചടിയായി.
20 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് മഹാമാരി സമയത്ത് കൃത്യമായി വിദ്യാഭ്യാസം ലഭിച്ചത്. ഇതിന്‍റെ പകുതിയോളം പേർ മാത്രമാണ് ലൈവ് ക്ലാസുകളിൽ പെങ്കടുത്തതെന്നും ഐ.സി.ആർ.ഐ.ഇ.ആറും എൽ.ഐ.ആർ.എൻ.ഇ ഏഷ്യയും നടത്തിയ സാമ്പ്ൾ സർവേ പഠനത്തിൽ സൂചിപ്പിക്കുന്നു.
ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാത്രമല്ല, സ്കൂളിൽനിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിലും വൻ വർധനയുണ്ടായി. 38 ശതമാനം കുടുംബങ്ങളിൽ ഒരു വിദ്യാർഥിയെങ്കിലും പഠനം നിർത്തി.
കോവിഡ് സമയത്ത് ഡിജിറ്റൽ വിദ്യാഭ്യാസമാണ് കുട്ടികളുടെ പഠനം തുടരാനുള്ള ഏക വഴി. പരമ്പരാഗത സ്കൂൾ വിദ്യാഭ്യാസമാണോ ഡിജിറ്റൽ വിദ്യാഭ്യാസമാണോ എന്നത് അനുസരിച്ച് ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നാൽ അതിനെ നേരിടാനുള്ള വഴി കണ്ടെത്തണം -വിദ്യാഭ്യാസ വിദഗ്ധ അമൃത സിങ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.