തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമാനുസൃതം ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് വ്യവസ്ഥകളോടെ നിയമനാംഗീകാരം നൽകാൻ സർക്കാർ തലത്തിൽ ധാരണയായി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ധന മന്ത്രി ഡോ. തോമസ് ഐസക് എന്നിവരുമായി കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ, ബിഷപ് ജോഷ്വോ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്മെൻറ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണ. 2016 മുതൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് സർക്കാർ നിയമനാംഗീകാരം നൽകിയിരുന്നില്ല.
തസ്തിക നഷ്ടപ്പെടുകയും സർക്കാറിെൻറ സംരക്ഷിത അധ്യാപക പട്ടികയിൽ ഉൾപ്പെടുകയും ചെയ്തവർക്ക് എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിലേക്ക് പുനർവിന്യസിക്കാനുള്ള തീരുമാനം കേസിൽ കുരുങ്ങിയതോടെയാണ് നിയമനാംഗീകാരം സർക്കാർ പൂർണമായും തടഞ്ഞത്. നിലവിലുള്ള സംരക്ഷിതാധ്യാപകരെ പൂർണമായും മാനേജ്മെൻറ് ഒഴിവുകളിലേക്ക് നിയമിക്കാമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ നൽകിയ ഉറപ്പിലാണ് നിയമനാംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകാൻ ചർച്ചയിൽ തീരുമാനമായത്.
രണ്ട് തസ്തികയിൽ ഒന്ന് സംരക്ഷിത അധ്യാപക നിയമനത്തിനും ഒന്ന് മാനേജ്മെൻറ് നിയമനത്തിനും വ്യവസ്ഥ ചെയ്യുന്ന 1:1 അനുപാതപ്രകാരം നിയമനം നടത്തുന്നത് കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചാവും നടപ്പാക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കാനും തീരുമാനമായി. സംരക്ഷിത അധ്യാപകരെ 1:1 അനുപാതത്തിൽ നിയമിക്കാൻ നേരത്തെ സർക്കാർ കൊണ്ടുവന്ന കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതിക്കെതിരെ മാനേജ്മെൻറുകൾ നൽകിയ കേസ് കോടതിയുടെ പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, അഡീഷനൽ ഡി.പി.ഐ സന്തോഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.