തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്ക് തടയിടുന്ന രീതിയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറിനെതിരെ പ്രതിഷേധമുയർന്നതോടെ മാനേജ്മെന്റ് അസോസിയേഷനുകളെ ചർച്ചക്ക് വിളിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് ഡയറക്ടറുടെ ചേംബറിലാണ് ചർച്ച.
2021 നവംബർ എട്ടിനുശേഷം നിയമിക്കപ്പെട്ട് അംഗീകാരം നേടിയ നിയമനങ്ങൾ മുഴുവൻ ദിവസവേതനാടിസ്ഥാനത്തിലേക്ക് മാറ്റാൻ നിർദേശിക്കുന്ന രീതിയിൽ നവംബർ 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനെതിരെയാണ് പ്രതിഷേധം. ഇതുസംബന്ധിച്ച് കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളും കെ.സി.ബി.സി വിദ്യാഭ്യാസ കമീഷനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ നേരിൽകണ്ട് പരാതി നൽകിയിരുന്നു.
മന്ത്രിയുടെ നിർദേശപ്രകാരമാണ് ഡയറക്ടർ ചർച്ചക്ക് വിളിച്ചത്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 2021 നവംബർ എട്ടിന് ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിലേ പാടുള്ളൂവെന്ന് ഡയറക്ടറുടെ സർക്കുലറിൽ നിർദേശിക്കുന്നു. ഹൈകോടതി വിധിക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിൽ അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കി നൽകേണ്ടതും ഇത്തരം നിയമന ഉത്തരവുകൾ ദിവസവേതനത്തിൽ സമർപ്പിക്കുമ്പോൾ മറ്റ് വിധത്തിൽ അർഹതയുണ്ടെങ്കിൽ അംഗീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
എന്നാൽ, സ്ഥിരം ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകാനുള്ള നിർദേശം വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമാണെന്നും ഭാവിയിലുണ്ടാകുന്ന ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുന്നവർക്ക് അവകാശമുന്നയിക്കാൻ കഴിയില്ലെന്നും മാനേജ്മെന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.