തിരുവനന്തപുരം: ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി (ആയുഷ്) ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതല കൗൺസലിങ്ങിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് ഈമാസം 14ന് രാത്രി 11.55 വരെ നടത്താം. നീറ്റ്-യു.ജി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് www.aaccc.gov.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ചോയ്സുകൾ സമർപ്പിക്കാം. സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് തിരുത്താനാകില്ല. ഒന്നിലേറെത്തവണ രജിസ്റ്റർ ചെയ്താൽ ഡീബാർ ചെയ്യും.
ആദ്യ റൗണ്ടിലേക്കുള്ള ചോയ്സ് ലോക്കിങ് 14ന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെ നടത്താം. 17ന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. 18 മുതൽ 24 വരെ കോളജുകളിൽ പ്രവേശനം. രണ്ട് മുഖ്യ അലോട്ട്മെന്‍റുകളും മോപ് അപ് (മൂന്നാം റൗണ്ട്), സ്ട്രേ വേക്കൻസി ഫില്ലിങ് ഉൾപ്പെടെ നാല് റൗണ്ട് കൗൺസലിങ്ങാണുള്ളത്.
രണ്ടാം റൗണ്ടിലേക്ക് ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ നടത്താം. ഡിസംബർ രണ്ട് മുതൽ അഞ്ചിന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്താം. ഡിസംബർ എട്ടിന് അലോട്ട്മെന്‍റ്. ഒമ്പത് മുതൽ 17 വരെ കോളജുകളിൽ പ്രവേശനം.
ഡിസംബർ 23 മുതൽ 27 വരെ മോപ്അപ് റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യാം. 24 മുതൽ 27ന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ്. 30ന് അലോട്ട്മെന്‍റ്. ഡിസംബർ 31 മുതൽ ജനുവരി ആറ് വരെ പ്രവേശനം. സ്ട്രേ വേക്കൻസി റൗണ്ട് ഒഴിവുകൾ ജനുവരി 10ന് പ്രസിദ്ധീകരിക്കും. 11 മുതൽ 15 വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്താം. 18ന് അലോട്ട്മെന്‍റ്. 24 വരെ പ്രവേശനം.
നീറ്റ്-യു.ജി അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവുമാണ് കൗൺസലിങ് അപേക്ഷയിലും ഉപയോഗിക്കേണ്ടത്. പാസ്‌വേഡുണ്ടാക്കി സൂക്ഷിക്കണം. ചോയ്സ് ഫില്ലിങ്ങിനു ലാപ്ടോപ്/കമ്പ്യൂട്ടർ ഉപയോഗിക്കുക. മുൻഗണന ക്രമത്തിൽ എത്ര ചോയ്സ് വേണമെങ്കിലും നൽകാം.
ലോക്ക് ചെയ്യുന്നതുവരെ ആദ്യം നൽകിയ ചോയ്സുകൾ മാറ്റാം. രണ്ടാം റൗണ്ടിൽ സീറ്റ് അലോട്ട് ചെയ്താൽ, ആദ്യ റൗണ്ടിൽ കിട്ടിയ സീറ്റുണ്ടെങ്കിൽ അത് റദ്ദാകും. ആദ്യ സീറ്റ് കിട്ടിയ കോളജിൽനിന്ന് ഓൺലൈനായി വിടുതൽ വാങ്ങി പുതിയ സീറ്റിൽ ചേരണം.
ആദ്യ റൗണ്ടിൽ കോളജിൽ ചേർന്നിട്ട്, രണ്ടാം റൗണ്ടിൽ മാറ്റമില്ലെങ്കിൽ ആദ്യ സീറ്റ് ഒഴിവാക്കാം. എന്നാൽ ഇത് രണ്ടാം റൗണ്ട് ഫലം വന്ന് അഞ്ച് ദിവസത്തിനകം വേണം. രണ്ടാം റൗണ്ടിലെ സീറ്റ് നിലനിർത്തണമെങ്കിൽ കോളജിൽ ചേർന്ന്, മോപ്-അപിലേക്ക് അപ്ഗ്രഡേഷനുള്ള സമ്മതം നൽകണം.
അപ്ഗ്രഡേഷൻ ആഗ്രഹിക്കുന്നവർ ഓരോ റൗണ്ടിലും പുതിയ ചോയ്സ് ഫില്ലിങ് നടത്തണം. ആദ്യ റൗണ്ടിന് റജിസ്റ്റർ ചെയ്തിട്ട് അലോട്ട്മെന്‍റ് ലഭിക്കാത്തവർ രണ്ടാം റൗണ്ടിലേക്ക് റജിസ്റ്റർ ചെയ്യേണ്ട. ഒന്ന്, രണ്ട് റൗണ്ടുകളിൽ അലോട്ട്മെന്‍റ് ലഭിക്കാത്തവർ മോപ്-അപ്പിനും രജിസ്റ്റർ ചെയ്യേണ്ട. ചോയ്സ് സമർപ്പിക്കണം.
സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് രജിസ്ട്രേഷനില്ല. രണ്ടാം റൗണ്ടിലെ അലോട്ട്മെന്‍റ് പ്രകാരം കോളജ് പ്രവേശനം നേടിയശേഷം സീറ്റ് ഉപേക്ഷിക്കുന്നവർക്ക് സെക്യൂരിറ്റി തുക നഷ്ടപ്പെടും. മോപ്-അപ്, സ്ട്രേ വേക്കൻസി റൗണ്ടുകളിൽ അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം നേടാതിരുന്നാലും സെക്യൂരിറ്റി നഷ്ടപ്പെടും.
രണ്ടാം റൗണ്ടിൽ അലോട്ട്മെന്‍റ് ലഭിച്ചാലും പ്രവേശനം നേടാതെ ഫ്രീ എക്സിറ്റെടുക്കാം. രണ്ടാം റൗണ്ട് അലോട്ട്മെന്‍റ് പ്രകാരം പ്രവേശനം നേടിയാൽ, മോപ്-അപ് റൗണ്ട് തുടങ്ങുന്നതിന്‍റെ മൂന്ന് ദിവസം മുമ്പ് വരെ സെക്യൂരിറ്റി തുക നഷ്ടപ്പെടുത്തി എക്സിറ്റെടുക്കാം.
ഇങ്ങനെ എക്സിറ്റ് എടുക്കാത്തപക്ഷം അയോഗ്യരാകും. സംസ്ഥാനത്തേത് അടക്കം മറ്റൊരു ആയുഷ് കൗൺസലിങ്ങിനും പങ്കെടുക്കാൻ അനുവദിക്കില്ല. മോപ്-അപ്, സ്ട്രേ വേക്കൻസി റൗണ്ടുകളിൽ അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം നേടിയില്ലെങ്കിലും സെക്യൂരിറ്റി തുക നഷ്ടപ്പെടുകയും അയോഗ്യനാവുകയും ചെയ്യും.
വിശദാംശങ്ങൾക്ക് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ. കൗൺസലിങ്ങിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളുടെ പേര്, ഫീസ് വിവരം എന്നിവയും വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പാക്കണം.
കൽപിത സർവകലാശാല: രജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റി തുക 50,000 രൂപ. ആകെ 55,000 രൂപ.
കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കം: രജിസ്ട്രേഷൻ ഫീ 1000 രൂപ. സെക്യൂരിറ്റി തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500/10,000 രൂപ.
ആകെ 10,500 രൂപ. രണ്ട് വിഭാഗങ്ങിലും ശ്രമിക്കുന്നവർ കൽപിത സർവകലാശാല വിഭാഗത്തിലുള്ള തുക അടച്ചാൽ മതി.
നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാം.
* ജമ്മു-കശ്മീരിലെ ഒഴികെ, സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ 15 ശതമാനം സീറ്റുകൾ, അഖിലേന്ത്യാ ക്വോട്ട
* ബനാറസ് ഹിന്ദു സർവകലാശാല (ആയുർവേദം) -മുഴുവൻ സീറ്റുകളും
* കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളും
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച് ജാംനഗർ (ആയുർവേദം), എൻ.ഐ.എ ജയ്പൂർ (ആയുർവേദം), എൻ.ഐ.എച്ച് കൊൽക്കത്ത (ഹോമിയോ) മുഴുവൻ സീറ്റുകളും
* അലീഗഢ് മുസ്‌ലിം സർവകലാശാല യൂനാനി, നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഷില്ലോങ് (ആയുർവേദം, ഹോമിയോ) -50 ശതമാനം.
15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട, കേന്ദ്ര സർവകലാശാലകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ കേന്ദ്ര മാനദണ്ഡമനുസരിച്ച് സംവരണമുണ്ട്: എസ്.സി 15 ശതമാനം, പട്ടികവർഗം 7.5 ശതമാനം, പിന്നാക്കം 27ശതമാനം, സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 10 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.