എം.ബി.ബി.എസ് പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തിറക്കി

ഭോപ്പാൽ: എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തിറക്കി. ഭോപ്പാലിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകാശനം നിർവഹിച്ചത്. ഇതോടെ ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി.

മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവർത്തനം ചെയ്ത പതിപ്പുകൾ 97 ഡോക്ടർമാരുടെ സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയാറാക്കിയത്. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ നിന്ന് (ജി.എം.സി) ആരംഭിക്കുന്ന പദ്ധതി നിലവിലെ അധ്യയന സെഷനിൽ സർക്കാർ നടത്തുന്ന 13 മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കും.

വരും ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യുമെന്നും അതിനുള്ള നടപടികളുടെ മാർഗരേഖ പുറത്തുവിടുമെന്നും ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കി.

എം.ബി.ബി.എസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പിനെതിരെ രാജ്യത്ത് വിമർശനവും ഉയരുന്നുണ്ട്. ഹിന്ദി പതിപ്പ് നിർബന്ധമാക്കിയാൽ, അത്തരം ഉദ്യോഗാർഥികൾക്ക് മധ്യപ്രദേശിലോ മറ്റ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ മാത്രമേ ജോലി ചെയ്യാൻ കഴിയൂവെന്ന് മധ്യപ്രദേശ് ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ (അണ്ടർ ഗ്രാജുവേറ്റ് വിഭാഗം) മുൻ സംസ്ഥാന പ്രസിഡന്റ് ആകാശ് സോണി പറഞ്ഞു.

വിദേശത്ത് പോകുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അറിവും വൈദഗ്ധ്യവും വർധിപ്പിച്ച് മടങ്ങിയെത്തിയ നിരവധി ഡോക്ടർമാർ മധ്യപ്രദേശിലെ കോളജുകളിലുണ്ടെന്നും അത്തരം അവസരങ്ങൾ നിയന്ത്രിക്കപ്പെടുമെന്നും ഡോ. സോണി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Amit Shah launches Hindi version of MBBS course books in Bhopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.