അഫിലിയേഷൻ പുതുക്കിയില്ലെന്ന് ആരോപണം അറബിക് കോളജുകൾക്ക് പിഴ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അറബിക് കോളജുകളിൽനിന്ന് വൻതുക പിഴ ഈടാക്കാൻ ഉത്തരവ്. അഫ്ദലുൽ ഉലമ കോഴ്സുകൾക്ക് 2010 മുതൽ അഫിലിയേഷൻ പുതുക്കിയില്ലെന്നാരോപിച്ചാണ് ഉടൻ പണമടക്കാൻ രജിസ്ട്രാർ ഉത്തരവിട്ടത്. നേരത്തേ അഞ്ചു വർഷമായിരുന്നു അഫ്ദലുൽ ഉലമ കോഴ്സ് നടത്തിയിരുന്നത്. രണ്ടു വർഷ അഫ്ദലുൽ ഉലമ (പ്രിലിമിനറി), ബി.എ (അഫ്ദലുൽ ഉലമ) എന്ന നിലയിൽ 2010ൽ കോഴ്സുകൾ പുതുക്കിയിരുന്നു. ഈ സമയത്ത് അഫിലിയേഷൻ പുതുക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, ഈ കോളജുകൾ അഫിലിയേഷൻ നേടിയില്ലെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഉത്തരവിലുണ്ട്. ഉടൻ വിശദീകരണം നൽകണമെന്നും അഫിലിയേഷൻ തുകയും പിഴയും സൂപ്പർ പിഴയും അടക്കണമെന്നും സർവകലാശാല നിർദേശിക്കുന്നു. ആകെ 20.77 ലക്ഷം രൂപയാണ് കോളജുകൾ അടക്കേണ്ടത്.

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ്, വാഴക്കാട് ദാറുൽ ഉലൂം, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ്, അരീക്കോട് സുല്ലമുസലാം, കരുവാരകുണ്ട് കെ.ടി.എം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വളവന്നൂർ അൻസാർ അറബിക് കോളജ്, മോങ്ങം അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് കോളജ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. 3.44 ലക്ഷം മുതൽ 2.11 ലക്ഷം വരെയാണ് വിവിധ കോളജുകൾ അടക്കാനുള്ളതെന്ന് രജിസ്ട്രാർ ഉത്തരവിൽ പറയുന്നു. അതേസമയം, അറബിക് കോളജുകളോടുള്ള അവഗണനയുടെ ഭാഗമായാണ് പിഴശിക്ഷയെന്ന വിമർശനമുയർന്നു. സ്ഥിരം അംഗീകാരമുള്ള കോഴ്സിന് അഫിലിയേഷൻ പുതുക്കാറില്ല. കാലിക്കറ്റ് സർവകലാശാല തുടങ്ങുന്നതിന് മുമ്പുതന്നെ കോഴ്സുകൾ നടത്തിയ കോളജുകളാണ് ഇവയിൽ പലതും.

അറബിക് കോളജുകൾ ഇല്ലാതാക്കാനും അഫ്ദലുൽ ഉലമ കോഴ്സുകൾ നിർത്തലാക്കാനും ശ്രമം നടക്കുന്നതായി ആരോപിച്ച് കഴിഞ്ഞ വർഷം സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ പ്രക്ഷോഭം നടന്നിരുന്നു. അറബിക് കോളജുകളിലെ കോഴ്സുകൾ നിർത്തലാക്കാനുള്ള നിർദേശവുമായി സിൻഡിക്കേറ്റിൽ നിർദേശമെത്തിയതും വിവാദമായിരുന്നതിന് പിന്നാലെയാണ് പിഴ ചുമത്താനുള്ള തീരുമാനം. 

Tags:    
News Summary - Arabic colleges fined for not renewing affiliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.