അയ്യങ്കാളി സ്കോളർഷിപ്പ്: കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം

തിരുവനന്തപുരം: അയ്യങ്കാളി മെമ്മോറിയൽ ടാലൻറ് സെർച്ച് ആൻഡ് ഡെവലപ്മെൻറ് സ്കോളർഷിപ്പിന്റെ നിബന്ധനകളും മാനദണ്ഡങ്ങളും പരിഷ്കരിച്ച് ഉത്തരവ്. അപേക്ഷിക്കുന്ന വിദ്യാർഥികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. യു.പി അഞ്ചുമുതൽ ഏഴ് വരെ, ഹൈസ്കൂളിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

നിബന്ധനകൾ

അപേക്ഷകൻ എസ്.സി- എസ്.ടി വിഭാഗത്തിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥിയായിരിക്കണം. സർക്കാർ/ എയ്ഡഡ് സ്കളൂകളിൽ നാല്,ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചിരിക്കണം. യു.പി, എച്ച്.എസ് വിഭാഗ ക്ലാസുകളിൽ സർക്കാർ/ എയ്ഡഡ് സ്കളൂകളിൽ ചേർന്ന് പഠനം തുടരുന്നവരായിരിക്കണം. സ്കീം കാലയളവിൽ സർക്കാർ/ എയ്ഡ് സ്കൂളുകളിൽ തന്നെ പഠനം തുടരണം.

പട്ടികജാതി വിഭാഗത്തിലെ ദുർബല സമുദായത്തിൽപ്പെട്ട/ പട്ടികവർഗ വിഭാഗത്തിലെ പ്രകാത്ന ഗോത്ര(പി.വി.ടി.ജി) വിദ്യാർഥികളിൽ ബി ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം.

സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സമയത്തെ പഠന നിലവാരം തുടർന്നു വരുന്ന വാർഷിക പരീക്ഷകളിൽ കുറയുകയാണെങ്കിൽ സ്ക്രീമിൽ നിന്നും ഒഴിവാക്കും. പഠന പുരോഗതി നേടാതിരുന്നതിന് മതിയായ കാരണമുണ്ട് എന്ന് സ്കൂൾ മേധാവി കാര്യകാരണ സഹിതം ശുപാർശ ചെയ്യുകയും അത് ശരിയാണെന്ന് പട്ടികജാതി/പട്ടികവർഗ വികസന ഓഫീസർക്ക് ബോധ്യപ്പെടുകയും ചെയ്യുന്ന പക്ഷം ഒരു വർഷത്തേക്ക് മാത്രം അർഹത ഉണ്ടായിരിക്കും. സ്കോളർഷിപ്പിൽ നിന്നും പുറത്താക്കുന്ന വിദ്യാർഥികൾക്ക് കാരണ സഹിതം രേഖാമൂലം അറിയിപ്പു നൽകും.

അപേക്ഷകരായ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾ യഥാക്രമം കാറ്റഗറി-ഒന്ന് -യു.പി വിഭാഗത്തിലേക്കും. കാറ്റഗറി-രണ്ട് ഹൈസ്കൂൾ വിഭാഗത്തിലേക്കും ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കണം. മാനദണ്ഡ പ്രകാരം യോഗ്യതയുള്ള മൂന്ന്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾ ജൂൺ മാസത്തിൽ അപേക്ഷ സ്കൂൾ മേധാവി മുഖേന സമർപ്പിക്കണം.

അപേക്ഷകൾ പരിശോധിച്ച് ജൂലൈ മാസം ടാലൻറ് സെർച്ച് പരീക്ഷകൾ ഒരുമിച്ച് നടത്തും. ടാലന്റ് സെർച്ച് പരീക്ഷക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ ഓരോ ജില്ലകളിലെയും നിശ്ചിത കേന്ദ്രങ്ങൾ/എം.ആർ.എസുകൾ ആയിരിക്കും. മുൻഗണന മാനദണ്ഡങ്ങൾ പ്രകാരമുള്ള പോയിൻറും ടാലന്റ് സെർച്ച് പരീക്ഷക്ക് ലഭിക്കുന്ന മാർക്കും ചേർത്ത് ലിസ്റ്റ് തയാറാക്കി മുൻഗണനാ ക്രമത്തിൽ ജില്ല തിരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ ലിസ്റ്റ് ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും.

മുൻഗണന മാനാണ്ഡങ്ങൾ

ടാലന്റ് സെർച്ച് പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനാ ക്രമത്തിൽ ജില്ല തിരിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ വരുമാനക്കാർ, സ്കൂൾ തലത്തിലുള്ള / സ്കൂളിൻ്റെ അംഗീകാരമുള്ള കലാ കായിക മത്സരങ്ങൾ, ശാസ്ത്രമേള, ഗണിതമേള, പ്രശ്നോത്തരി തുടങ്ങിയവയിൽ വിവിധ ഗ്രേഡുകൾ നേടുന്നവർ (വ്യക്തിഗത / ഗ്രൂപ്പ് മത്സരങ്ങൾ പരിഗണിക്കും), മാതാപിതാക്കളിൽ ആരെങ്കിലും മരണപ്പെട്ടു പോയ വിദ്യാർഥികൾ (അഞ്ച്), പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിലെ അംഗമായ അപേക്ഷക (നാല്), ഭിന്നശേഷിക്കാരായ വിദ്യാർഥികൾ. ഭിന്നശേഷിക്കാരുടെ മക്കളായ വിദ്യാർഥികൾ(അഞ്ച്), മൂന്നോ അതിലധികമോ വിദ്യാർഥികൾ ഉള്ള കുടുംബത്തിൽ നിന്നുള്ള അപേക്ഷകർ(ഒന്ന്) എന്നിങ്ങനെയാണ്.

ഗുണഭോക്താക്കളുടെ എണ്ണം

യു.പി വിഭാഗത്തിൽ 3250 പട്ടികജാതി വിദ്യാർഥികൾക്കും, 750 പട്ടികവർഗ വിദ്യാർഥികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ 3250 പട്ടികജാതി വിദ്യാർഥികൾക്കും, 750 പട്ടികവർഗ വിദ്യാർഥികൾക്കും ഉൾപ്പടെ ആകെ 6500 പട്ടികജാതി വിദ്യാർഥികൾക്കും, 1500 പട്ടികവർഗ വിദ്യാർഥികൾക്കും ആണ് ഒരു വർഷം സ്കോളർഷിപ്പ് ലഭിക്കുന്നത്. ജില്ലയിലെ പട്ടികജാതി ജനസംഖ്യക്ക് ആനുപാതികമായി ടാർഗറ്റ് നിശ്ചയിക്കുന്നതാണ്.

ഓരോ വർഷവും നിശ്ചയിച്ചിട്ടുള്ള വിദ്യാർഥികളുടെ എണ്ണം കുറയുന്നതനുസരിച്ച് യു. പി വിഭാഗത്തിലേക്കും, ഹൈസ്കൂൾ വിഭാഗത്തിലേക്കും മുൻഗണന മാനദണ്ഡങ്ങൾ പ്രകാരവും, ടാലൻറ് സെർച്ച് പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും.

ഓരോ വിഭാഗത്തിലും 45 ശഥമാനം ആൺകുട്ടികളെയും 45 ശതമാനം പെൺകുട്ടികളെയും തെരഞ്ഞെടുക്കും. ശേഷിക്കുന്ന 10 ശതമാനം പട്ടികജാതി വിഭാഗത്തിലെ ദുർബല സമുദായത്തിൽപ്പെട്ട/ പട്ടികവർഗ വിഭാഗത്തിലെ പി.വി.ടി.ജി വിദ്യാർഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. മെറിറ്റ് അടിസ്ഥാത്തിൽ 90 ശതമാനം ടാർഗറ്റിൽ ഉൾപ്പെട്ടു വരുന്ന ദുർബല/പി.വി.ടി.ജി വിദ്യാർഥികളെ പൊതു വിഭാഗത്തിൽ പരിഗണിക്കുന്നതും തുടർന്നുള്ള മുൻഗണനാ പട്ടികയിൽ നിന്നും 10 ശതമാനം ദുർബല /പി.വി.ടി.ജി വിദ്യാർഥികളെ സംവരണ ക്വാട്ടയിലേക്ക് തെരഞ്ഞെടുക്കും.

സംവരണ ക്വാട്ടയിൽ ദുർബല/ പി.വി.ടി.ജി വിദ്യാർഥികൾ മതിയായ എണ്ണം അപേക്ഷികർ ഇല്ലാത്ത പക്ഷം ശേഷിക്കുന്ന എണ്ണം അനുപാതം പാലിച്ച് മറ്റു വിദ്യാർഥികൾക്ക് സെലക്ഷൻ നൽകും.

ജില്ലാ തലത്തിൽ ക്ലാസ്/ ജെൻഡർ തിരിച്ച് മുൻഗണനാ പട്ടിക തയാറാക്കുന്നതും അതിൽ നിന്നും ടാർഗറ്റ് അനുസരിച്ച് പോയിൻറ് നിലയുടെ അടിസ്ഥാനത്തിൽ സെലക്ഷൻ നടത്തും. ഒരേ പോയിൻറ് ലഭിക്കുന്നവരുടെ എണ്ണം നിശ്ചിത ടാർഗറ്റിലും അധികരിച്ചു വന്നാൽ അതിനു തൊട്ടു മുകളിലെ പോയിന്റ് വരെയുള്ളവരെ സെലക്ട് ചെയ്യുകയും കുറവു വന്ന എണ്ണം അതേ ജില്ലയിലെ/ ഇതര ജില്ലയിലെ മറ്റു ക്ലാസ്/ ജെൻഡർ ലേക്ക് മാറ്റി നൽകി ടാർഗറ്റ് പൂർത്തികരിക്കും. ഏതെങ്കിലും ജില്ലയിൽ ടാർഗറ്റിനനുസൃതമായി നിശ്ചിത എണ്ണം അപേക്ഷകരില്ലാത്ത പക്ഷം അത് മറ്റു ജില്ലകളിലേക്ക് മാറ്റി നൽകി ക്രമീകരിക്കും.

ജൂൺ മാസത്തിൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ്, മറ്റ് പരിഗണനാർഹമായ രേഖകൾ സഹിതം വിദ്യാർഥി പഠിക്കുന്ന സ്കൂൾ മുഖേന ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കണം. പട്ടികജാതി/പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും സെലക്ഷൻ നടപടികൾ പൂർത്തീകരിക്കും.

സ്കീം ആനുകൂല്യങ്ങൾ

യു.പി വിഭാഗത്തിന് (ക്ലാസ്-അഞ്ച് മുതൽ ഏഴ് വരെ) പ്രതിവർഷം 5000 രൂപ. സ്റ്റൈപ്പന്റ് - 1000 രൂപ, സ്പെഷ്യൽ ട്യൂഷൻ (വിദ്യാർഥികൾക്ക് ആവശ്യമുള്ള 3 വിഷയങ്ങൾക്ക്)- 3500, പാഠ്യ പാഠ്യേതരമായ വൈജ്ഞാനിക / സാഹിത്യ പുസ്തകങ്ങൾ ആനുകാലികങ്ങൾ വാങ്ങുന്നതിന്-500 രൂപ എന്നിങ്ങനെ.

ഹൈസ്കൂൾ വിഭാഗത്തിന് (ക്ലാസ്- എട്ടു മുതൽ 10 വരെ) പ്രതിവർഷം - 5500 രൂപ. സ്റ്റൈപ്പൻറ് -1000 രൂപ, സ്പെഷ്യൽ ട്യൂഷൻ വിദ്യാർഥികൾക്ക് ആവശ്യമുള്ള 3 വിഷയങ്ങൾക്ക് )-4000 രൂപ, പാഠ്യ പാഠ്യേതരമായ വൈജ്ഞാനിക / സാഹിത്യ പുസ്തകങ്ങൾ / ആനുകാലികങ്ങൾ വാങ്ങുന്നതിന്- 5500 രൂപ.

ഓരോ വർഷത്തേയും സ്കോളർഷിപ്പ് തുക അതാത് അധ്യയന വർഷം ഒറ്റ തവണയായി അനുവദിച്ചു നൽകും. ട്യൂഷൻ സ്ഥാപനത്തിൽ നിന്നുള്ള ബില്ല്/ വ്യക്തിയിൽ നിന്നുള്ള രസീത് എന്നിവ ബന്ധപ്പെട്ട എസ്.സി.ഡി.ഒ- ടി.ഇ.ഒ റിന്യൂവൽ സമയത്ത് വാങ്ങി സൂക്ഷിക്കണം. സ്ക്രീമിലെ അവസാന വർഷത്തെ ട്യൂഷൻ ബില്ല്/രസീത് എന്നിവ വാങ്ങേണ്ടതില്ല.

അധിക ആനുകൂല്യങ്ങൾ

പഠിക്കുന്നതിനാവശ്യമായ മേശ, കസേര എന്നിവക്കായി വകുപ്പ്/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രകാരം ആനുകൂല്യം ലഭിക്കാത്തവരും, ആ വീട്ടിൽ പഠിക്കുന്നതിനാവശ്യമായ മേശ, കസേര എന്നിവ ലഭ്യമല്ലാത്തവരും, വാർഷിക വരുമാനം 30,000 രൂപയിൽ കുറവുള്ളതുമായ പട്ടികജാതി വിദ്യാർഥികൾക്കും/വാർഷിക വരുമാനം 60,000 രൂപയിൽ കുറവുള്ളതുമായ പട്ടികവർഗ വിദ്യാർഥികൾക്കും, മേശയും കസേരയും വാങ്ങുന്നതിനായി സ്കീം ആരംഭിക്കുന്ന കാലയളവിൽ ഒറ്റത്തവണ സഹായമായി രൂപ 3000 അനുവദിക്കും. ബന്ധപ്പെട്ട എസ്.സി.ഡി.ഒ- ടി.ഇ.ഒ യുടെ ഭൗതിക പരിശോധനക്കു വിധേയമായി പഠന സൗകര്യമില്ല എന്നു ബോധ്യപ്പെട്ടതിനു ശേഷം ഈ തുക അനുവദിക്കാൻ പാടുള്ളു.

മേശ, കസേര എന്നിവ വാങ്ങുന്നതിനായി മുൻകൂർ അനുവദിക്കുന്ന തുക ബന്ധപ്പെട്ട എസ്.സി.ഡി.ഒ- ടി.ഇ.ഒ ക്ക് കൂടി ബോധ്യമാകുന്ന വിധം വിദ്യാർഥിയുടെ രക്ഷകർത്താവ് ചെലവഴിക്കേണ്ടതാണ്. ഇതിന്റെ ബില്ലുകൾ അധ്യയന വർഷത്തിന്റെ രണ്ടാം ഗഡു തുക നൽകുന്നതിനു മുമ്പ് എസ്.സി.ഡി.ഒ- ടി.ഇ.ഒ വാങ്ങി സൂക്ഷിക്കണം. വകുപ്പ്/തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരം മേശയും കസേരയും ഗുണഭോക്താവായ വിദ്യാർഥിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ തുക അനുവദിക്കുന്നതല്ല. എന്നാൽ വീട്ടിലെ മറ്റു വിദ്യാർഥികളുടെ പേരിലാണ് ഇതേ ആനുകൂല്യം ലഭിച്ചിട്ടുള്ളതെങ്കിൽ ഗുണഭോക്താവായ വിദ്യാർഥിക്ക് വേണ്ടി പദ്ധതി പ്രകാരം തുക അനുവദിക്കുന്നതാണ്.

Tags:    
News Summary - Ayyankali Scholarship: Annual family income of one lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.