Representational Image

സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കാൻ ബാലാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: 2023-24 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമീഷൻ ഉത്തരവ്. എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമീഷൻ ഉത്തരവിട്ടു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹരജിയിലാണ് കമീഷന്‍റെ ഉത്തരവ്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹഹിത്യവും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ സങ്കൽപ്പമാണ് സഹവിദ്യാഭ്യാസമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിവിധ കാലങ്ങളിൽ പുറത്തുവന്ന വിവിധ വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടുകളും ലോകത്താകമാനം ഈ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണ റിപ്പോർട്ടുകളും കേരള വിദ്യാഭ്യാസ നിയമവും വിവിധ കമീഷൻ റിപ്പോർട്ടുകളും സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രസക്തിയും പ്രാധാന്യവും എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനത്ത്, ഇപ്പോഴും, ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെയുള്ള ആൺപള്ളിക്കൂടങ്ങൾ, പെൺപള്ളിക്കൂടങ്ങൾ എന്ന വേർതിരിവ് നിലനിൽക്കുന്നു എന്നത് അതീവ ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്ന് കമീഷൻ വ്യക്തമാക്കി. 

ആൺകുട്ടികളേയും പെൺകുട്ടികളേയും വെവ്വേറെ സ്കൂളുകളിൽ പഠിപ്പിക്കേണ്ട സാമൂഹിക സാഹചര്യം ഇന്ന് നിലനിൽക്കുന്നില്ല. മാത്രമല്ല, ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ നേർക്ക് കണ്ണടച്ചു കൊണ്ടുള്ള ഒരു തിരിഞ്ഞു നടപ്പായി മാത്രമേ ഇത്തരം സ്കൂളുകളുടെ പ്രവർത്തന രീതിയെ കാണാൻ കഴിയുകയുള്ളൂ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിന് പിന്നിൽ ഒരു നീതീകരണവുമില്ല. വളരെ കുറച്ചെങ്കിലും സ്കൂളുകൾ പിന്തുടരുന്ന ഈ അശാസ്ത്രീയ രീതി നിർത്തലാക്കാൻ സർക്കാർ ഇനിയും അമാന്തിക്കരുത് എന്നാണ് കമീഷന്റെ സുനിശ്ചിതമായ അഭിപ്രായം -ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്താകെ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്. ഉത്തരവിൽ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണം. 

Tags:    
News Summary - Boys and girls schools to be abolished; Only mixed schools from next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.