മുംബൈ: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ(ടിസ്) വിദ്യാർഥി യൂനിയൻ വൈസ് പ്രസിഡന്റായി നിധ പർവീൻ എന്ന 22കാരി തെരഞ്ഞെടുക്കപ്പെട്ടു. ബുള്ളി ബായ് ആപ്പിലൂടെ വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തിയ സംഭവത്തിൽ ഇരയായിരുന്നു നിധ.
100 മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളുമായിരുന്നു ആപിലൂടെ പരസ്യപ്പെടുത്തിയിരുന്നത്. സി.എ.എ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. കണ്ണൂർ സ്വദേശിയായ നിധ പർവീൺ ഡൽഹി യൂനിവേഴ്സിറ്റിയിൽ പഠിക്കവെയാണ് സി.എ.എ സമരത്തിന്റെ ഭാഗമായത്.
പി.ജി പഠനത്തിനായി ടി.ഐ.എസ്.എസ് ആണ് നിധ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റി ഫോറത്തിലെ സജീവ പ്രവർത്തകയാണ് നിധ. 672വോട്ട് നേടിയാണ് നിധ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രോഗ്രസീവ് സ്റ്റുഡന്റ് ഫെഡറേഷൻ, സ്റ്റുഡന്റ്സ് അസോസിയേഷൻ ഫോർ ട്രാൻസ്ഫോർമേഷൻ ആൻഡ് ഹാർമണി എന്നീ വിദ്യാർഥി സംഘടനകളിലെ വിദ്യാർഥികളായിരുന്നു എതിരാളികൾ. ഇരുവർക്കും യഥാക്രമം 393,221 വോട്ടുകളാണ് ലഭിച്ചത്.
നിധ പർവീൺ വിജയിച്ചതോടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഹാരാഷ്ട്രയിൽ തങ്ങളുടെ സാന്നിധ്യം തെളിയിച്ചിരിക്കയാണ്. കേരളത്തിലെയും ഡൽഹിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് വിദ്യാർഥി സംഘടനകളിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രതിനിധികൾ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി നടന്ന തെരഞ്ഞെടുപ്പിൽ അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഫോറം, ആദിവാസി സ്റ്റുഡന്റ്‌സ് ഫോറം, മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്നിവയുടെ പ്രതിനിധികളടങ്ങിയ വിദ്യാർഥി പാനലാണ് എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് വിജയിച്ചത്.
പ്രതിക് പെർമി ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ദലിത് വിദ്യാർഥി നേതാവായ ശിവാനി ലാൻഗോവൻ പുതിയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാരണം രണ്ടുവർഷമായി ടിസിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.