തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ബിരുദ-ബിരുദാനന്തര പ്രവേശന നടപടികള്‍ അന്തിമഘട്ടത്തില്‍. വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 15ന് അവസാനിക്കും.
ഇതിനുശേഷം രജിസ്‌ട്രേഷന്‍ നടത്താനാവില്ലെന്നും അപേക്ഷ നല്‍കാനുള്ളവര്‍ ചൊവ്വാഴ്ചക്കകം രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കണമെന്നും വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അടുത്ത ദിവസങ്ങളില്‍തന്നെ പ്രിന്റൗട്ടും മറ്റു അവശ്യരേഖകളും വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫിസില്‍ ഹാജരാക്കണം.
പ്രിന്റൗട്ട് സമയബന്ധിതമായി ഹാജരാക്കാത്തവരുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ച് എൻറോള്‍ ചെയ്യാനാവില്ല. യു.ജി.സി നിര്‍ദേശമനുസരിച്ച് അപേക്ഷ നല്‍കിയവരുടെ പൂര്‍ണമായ എൻറോള്‍മെന്റ് വിവരങ്ങള്‍ നവംബര്‍ 30നകം സര്‍വകലാശാല യു.ജി.സിയെ അറിയിക്കേണ്ടതുണ്ട്.
സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി അഫ്‌സല്‍ ഉല്‍ ഉലമ, സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ, ബി.കോം എന്നീ എട്ട് ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, എം.കോം, എം.എസ് സി മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ ഏഴുമുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.
അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്‌സിനും ചേരാനുള്ള യോഗ്യത, ഫീസ് ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റായ www.sdeuoc.ac.in ല്‍ ലഭ്യമാണ്.
പ്രവേശനം നേടുന്ന വിദ്യാർഥികള്‍ക്ക് പഠനസാമഗ്രികള്‍ തപാല്‍ മാര്‍ഗം വീടുകളിലെത്തിക്കുകയും വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലൂടെ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കുകയും ചെയ്യുമെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ. യൂജിന്‍ മൊറേലി പറഞ്ഞു. 2026 ജനുവരി സെഷന്‍ വരെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി പ്രവേശനം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് യു.ജി.സി അനുമതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.