കോഴിക്കോട്: അറബിക് കോളജുകൾ പൂട്ടാനുള്ള തീരുമാനം പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ച കാലിക്കറ്റ് സർവകലാശാല കള്ളക്കളി തുടരുന്നതായി ആക്ഷേപം. ഈ കോളജുകളിൽ അനുവദിച്ച പുതുതലമുറ കോഴ്സുകൾ തുടരാനുള്ള ചട്ടഭേദഗതി ചാൻസലർ കൂടിയായ ഗവർണർക്ക് അയച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
യു.ഡി.എഫ് സർക്കാർ അനുവദിച്ച നിയമ ഭേദഗതിയുടെ പ്രാബല്യത്തിയതി സംബന്ധിച്ച് ചാൻസലർ മൂന്നു മാസം മുമ്പ് വിശദീകരണം ചോദിച്ചിരുന്നു. മുൻകാല പ്രാബല്യം വേണമെന്ന 2014 നവംബറിലെ സെനറ്റ് തീരുമാനത്തിലെ ഭാഗം നീക്കം ചെയ്തായിരുന്നു സർവകലാശാല ഭേദഗതി രേഖകൾ ചാൻസലർക്കയച്ചത്.
കൂട്ടിച്ചേർക്കുന്നതിനു പകരം അറബിക് കോളജുകൾ നിർത്തലാക്കാനുള്ള സിൻഡിക്കേറ്റ് നീക്കം വിവാദമായിരുന്നു. അറബിക് കോളജുകൾ ഇല്ലാതാക്കാനും അഫ്ദലുൽ ഉലമ കോഴ്സുകൾ നിർത്തലാക്കാനും ശ്രമം നടക്കുന്നതായി ആരോപിച്ച് കഴിഞ്ഞ മാസം 20ന് സർവകലാശാല ഭരണകാര്യാലയത്തിനു മുന്നിൽ പ്രക്ഷോഭം നടത്തിയിരുന്നു.
തുടർന്നാണ് തെരഞ്ഞെടുപ്പ്കാലത്ത് വിവാദം ഭയന്ന് സിൻഡിക്കേറ്റ് നീക്കം ഉപേക്ഷിച്ചത്. ചട്ടഭേദഗതി ഉടൻ ചാൻസലർക്ക് അയക്കുമെന്നറിയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും വാക്ക്പാലിച്ചില്ലെന്നാണ് ആക്ഷേപം. അതേസമയം, ചട്ടഭേദഗതി ചാൻസലർക്ക് അയച്ചിട്ടുണ്ടാകാമെന്ന് വി.സി ഡോ. എം.കെ. ജയരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.