പ്രതീകാത്മക ചിത്രം

എസ്.എസ്.എൽ.സി പുനർ മൂല്യനിർണയം മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് മേയ് 9 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15.

ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുന്നതും ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

2024 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷയിൽ ആകെ 99.69 ശതമാനം പേരാണ് വിജയിച്ചത്. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല. ഈ പട്ടികയിൽ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.

71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്‌. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. ക​ഴി​ഞ്ഞ വ​ർ​ഷം 99.7 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ ഉ​ണ്ടാ​യത്‌.

Tags:    
News Summary - Can apply for SSLC revaluation from May 9; SE exam from May 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.