ഇന്ത്യൻ സർവകലാശാലയിൽ ചേരാം; വിദേശത്തും പഠിക്കാം

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് തങ്ങളുടെ കോഴ്സിന്‍റെ ഭാഗമായി നിശ്ചിതകാലം വിദേശ സർവകലാശാലകളിൽ പഠിക്കാൻ അവസരം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിന് സർവകലാശാല ധനകാര്യ കമീഷൻ (യു.ജി.സി) അനുമതി നൽകി. ഇതിനായി നിലവിലുള്ള നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തിയതായി യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സിയുടെ നടപടിയെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

ജോയന്‍റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി, ട്വിന്നിങ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണവുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടമാണ് ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം സംയുക്തമായി വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് കോഴ്സിന്‍റെ 30 ശതമാനം കാലയളവ് വിദേശ സർവകലാശാലയിൽ പഠിക്കാം. ഇതിനായി ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലയിൽ പ്രവേശനം നേടേണ്ടതില്ല. സമാന പ്രോഗ്രാമിൽ ചേരുന്ന വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിലെ പഠനത്തിനും ഇത് അവസരമൊരുക്കും.

നാഷനൽ അസസ്‌മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) മിനിമം സ്കോറായ 3.01 ലഭിച്ചതോ, നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിന്‍റെ (എൻ.ഐ.ആർ.എഫ്) സർവകലാശാല വിഭാഗത്തിൽ ആദ്യ 100 റാങ്കിൽ ഇടം പിടിച്ചതോ ആയ ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന് അനുമതി നൽകുക. ഓൺലൈൻ, വിദൂരപഠന കോഴ്സുകൾ ചെയ്യുന്നവർക്ക് ഇതിന് അനുമതി ലഭിക്കില്ല. ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കാൻ വിദേശ സ്ഥാപനങ്ങൾക്ക് യോഗ്യത ലഭിക്കുന്നതിന് ടൈംസ് ഹയർ എജുക്കേഷൻ, ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് എന്നിവയിലെ ലോകത്തിലെ മികച്ച 1,000 പട്ടികയിൽ ഇടം പിടിക്കണം.

വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഒരു വിദ്യാര്‍ഥി തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലയുമായി സഹകരിക്കുന്ന വിദേശ സര്‍വകലാശാലയുടെ 30 കോഴ്‌സ് ക്രെഡിറ്റുകളെങ്കിലും സ്വന്തമാക്കണം. ട്വിന്നിങ് പ്രോഗ്രാമിലൂടെ കോഴ്സ് പൂർത്തിയാക്കുന്നതിന് വിദ്യാര്‍ഥി വിദേശ സര്‍വകലാശാലയില്‍ നേരിട്ടെത്തി (എക്‌സ്‌ചേഞ്ച് പ്രോഗ്രാം) തിരഞ്ഞെടുത്ത വിഷയത്തില്‍ വിദേശ സര്‍വകലാശാലയുടെ 30 കോഴ്‌സ് ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കണം. വിദേശത്തു നിന്നും ഇന്ത്യന്‍ സര്‍വകലാശാലകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്.ഇന്ത്യന്‍ സര്‍വകലാശാലയും വിദേശ സര്‍വകലാശാലയും പരസ്പരം കരാര്‍ ഒപ്പു വെച്ചുകൊണ്ട് നല്‍കുന്നതാണ് ജോയന്‍റ് ഡിഗ്രികള്‍. ജോയന്‍റ് ഡിഗ്രികള്‍ നേടുന്നതിന് വിദ്യാര്‍ഥി വിദേശ സര്‍വകലാശാലയില്‍ നിന്നും 30 ക്രെഡിറ്റുകളിലധികം സ്വന്തമാക്കേണ്ടതുണ്ട്. യൂനിവേഴ്‌സിറ്റികളുടെ കോഴ്‌സ് ഘടന അനുസരിച്ച് 30 കോഴ്സ് ക്രെഡിറ്റുകള്‍ എന്നാല്‍ ഒരു സെമസ്റ്റര്‍ എന്നാണ് അര്‍ഥമാക്കുന്നത്. അതിനാല്‍ ട്വിന്നിങ് പ്രോഗ്രാം ചെയ്യുന്ന ഒരു വിദ്യാര്‍ഥി വിദേശ സര്‍വകലാശാലകളില്‍ നിന്ന് കുറഞ്ഞത് ഒരു സെമസ്റ്ററും ജോയന്റ്, ഡ്യുവല്‍ ഡിഗ്രികള്‍ ചെയ്യുന്ന വിദ്യാർഥികള്‍ ഒന്നിലധികം സെമസ്റ്ററുകളും പൂര്‍ത്തിയാക്കേണ്ടി വരും. 

Tags:    
News Summary - Can join Indian University; You can also study abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.