നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ച നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ തയാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കോവിഡ് സാഹചര്യത്തിലും ജീവിതം മുന്നോട്ട് പോകണം. എല്ലാവിധ സുരക്ഷാ സംവിധാനവും പരീക്ഷക്ക് ഒരുക്കണം. ഒരു വർഷം പാഴാക്കാൻ വിദ്യാർഥികൾ തയാറാകുമോ? കോവിഡ് ഒരു വർഷം കൂടി തുടർന്നാൽ ഒരു വർഷം കൂടി കാത്തിരിക്കണമെന്ന് നിങ്ങൾ പറയുമോ? -ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. പരീക്ഷ നടത്താനുള്ള സര്‍ക്കാറിന്‍റെ നയപരമായ തീരുമാനത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.

11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർഥികളാണ് ഹരജി നൽകിയത്. കോവിഡ് സാഹചര്യം അവസാനിച്ച് സാധാരണ നില കൈവന്ന ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും ജെ.ഇ.ഇ മെയിൻ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ തീയതികളിലുമാണ് നടത്തുക. 

എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പരീക്ഷക്ക് ഒരുക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.