ന്യൂഡൽഹി: പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന 10,12ാം ക്ലാസ് സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ആഗസ്റ്റിൽ പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ നിശാങ്ക് അറിയിച്ചു. വിദ്യാർഥികളുമായി ഓൺലൈനായി നടത്തിയ ആശയവിനിമയ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പത്തും 12ഉം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതേസമയം, ഫലപ്രഖ്യാപന തീയതി, മൂല്യനിർണയ രീതി, കോളജ് പ്രവേശനം, പ്രവേശന പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ കടുത്ത സമ്മർദത്തിലാണ്. ഇത് കുറക്കുന്നതിനായാണ് മന്ത്രി വിദ്യാർഥികളുമായി സംവദിച്ചത്. ഫലം മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ ആഗസ്റ്റ് 15നും സെപ്റ്റംബർ 15നുമിടയിൽ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു.
ഫേസ്ബുക്ക് , ട്വിറ്റർ പ്ലാറ്റ്ഫോമുകൾ വഴി വിദ്യാർഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമെന്ന് നേരത്തെ പൊഖ്റിയാൽ അറിയിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളുടെ ചോദ്യങ്ങൾ ഒന്നും മന്ത്രി എടുത്തില്ല. മൂല്യനിർണയ മാനദണ്ഡങ്ങളും ഓപൺ മോഡ് പരീക്ഷക്ക് ഹാജരാകേണ്ട വിദ്യാർഥികൾക്കുള്ള പരീക്ഷാ തീയതികളും ഉൾപ്പെട്ട ചോദ്യങ്ങൾ ആണ് വിദ്യാർഥികളിൽനിന്ന് ഏറ്റവും കൂടുതൽ വന്നത്. ജെ.ഇ.ഇ മെയിൻ, നീറ്റ് അപേക്ഷകർ അവരുടെ പരീക്ഷ സംബന്ധിച്ചും വ്യക്തത തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.