ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതത്വത്തിലായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ചക്കകം അറിയിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ, രണ്ട് ദിവസം സമയം അനുവദിക്കണമെന്നും അതിനുള്ളിൽ കേന്ദ്രം അന്തിമ തീരുമാനം എടുക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ അറിയിച്ചു.
കേന്ദ്രത്തിെൻറ ആവശ്യം പരിഗണിച്ച കോടതി, തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനാണെന്ന് വ്യക്തമാക്കി ഹരജി പരിഗണിക്കുന്നത് നീട്ടി. കഴിഞ്ഞ വര്‍ഷത്തെ നയത്തില്‍നിന്ന് പുറത്തുകടക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശര്‍മ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചത്. ജൂൺ ഒന്നിന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചിരുന്നു.
അതേസമയം, വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും പരീക്ഷ നടത്തുന്നത് പുനരാലോചിക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷ നിർബന്ധമായും നടത്തണമെന്നാണ് ആർ.എസ്.എസിന് കീഴിലുള്ള ശിക്ഷ സൻകൃതി ഉത്തൻ ന്യാസിെൻറ നിലപാട്.
പരീക്ഷ നടത്തണമെന്ന് ആർ.എസ്.എസ് അനുബന്ധ സംഘടന
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാർ എടുക്കാനിരിക്കെ പരീക്ഷ നടത്തണമെന്ന ആവശ്യവുമായി ആർ.എസ്.എസ് അനുബന്ധ വിദ്യാഭ്യാസ സംഘടന. ഈ ആവശ്യമുന്നയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാലിനും കത്തയച്ചതായി ശിക്ഷ സംസ്കൃതി ഉത്തൻ ന്യാസ് (എസ്.എസ്.യു.എൻ) ഓർഗനൈസേഷനൽ സെക്രട്ടറി അതുൽ കോത്താരി അറിയിച്ചു. പരീക്ഷ നടപടികൾ എളുപ്പമാക്കുന്നതിന് വിവിധ രീതി സ്വീകരിക്കാമെന്ന് കത്തിൽ പറയുന്നു. രണ്ട് അല്ലെങ്കിൽ മൂന്ന് വിഷയങ്ങളിൽ പരീക്ഷ നടത്തണമെന്നതാണ് ആദ്യ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.